ബേങ്ക് സമരം പിന്‍വലിച്ചു; പിരിച്ചുവിട്ടയാള്‍ക്കെതിരായ നടപടി മരവിപ്പിക്കും

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 1:56 am

തിരുവനന്തപുരം: ഇന്നും നാളെയുമായി നടത്താനിരുന്ന സംസ്ഥാനത്തെ ബേങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ട്രേഡ് യൂനിയന്‍ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ബേങ്ക് ഓഫീസേഴ്സ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ധനലക്ഷ്മി ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി പി വി മോഹനനെ മതിയായ കാരണമോ നോട്ടീസോ കൂടാതെ പിരിച്ചുവിട്ട മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് ആഹ്വാനം. മോഹനനെതിരെയുള്ള നടപടി തല്‍ക്കാലം മരവിപ്പിക്കാമെന്ന് ധനലക്ഷ്മി ബേങ്ക് മാനേജ്‌മെന്റ് പ്രതിനിധികള്‍ മന്ത്രിക്ക് ഉറപ്പുനല്‍കി. ധനലക്ഷ്മി ബേങ്കിന് മുന്നില്‍ നടത്തിവരുന്ന സമരവും പിന്‍വലിച്ചു.
മോഹനന് എതിരായ നടപടി രണ്ടുമാസത്തിന് ശേഷം പുനരവലോകനം ചെയ്ത് അന്തിമ തീരുമാനം എടുക്കും.