ഗ്രീക്ക് രക്ഷാപാക്കേജ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്നു

Posted on: July 15, 2015 6:00 am | Last updated: July 15, 2015 at 1:23 am
SHARE

ഏഥന്‍സ്: ഗ്രീസിനുള്ള രക്ഷാ പാക്കേജില്‍ യൂറോസോണ്‍ നേതാക്കളും ഗ്രീക്ക് സര്‍ക്കാറും ധാരണയിലെത്തിയെങ്കിലും പ്രതിസന്ധി തുടരുന്നു. ഗ്രീക്ക് സര്‍ക്കാറിന്റെ സഖ്യകക്ഷികള്‍, യൂറോപ്യന്‍ വായ്പാ ദാതാക്കള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇപ്പോള്‍ മുന്നോട്ടുവെച്ച കരാര്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറിയെന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
ഐ എം എഫിന് കൊടുത്തുതീര്‍ക്കേണ്ട തുക നല്‍കാനാകാതെ പ്രതിസന്ധിയിലായ ഗ്രീസിന് മൂന്നാം രക്ഷാ പാക്കേജ് യൂറോപ്യന്‍ യൂനിയന്‍ അനുവദിച്ചിരുന്നു. പകരം കടുത്ത പരിഷ്‌കരണ നടപടികള്‍ക്ക് ഗ്രീസ് നിര്‍ബന്ധിതമാകും. ഹിതപരിശോധനയിലൂടെ ഗ്രീക്ക് ജനങ്ങള്‍ തള്ളിയ പല വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് സമവായ നിര്‍ദേശത്തിന് വഴങ്ങിയത്.
വലതുപക്ഷ ഇന്‍ഡിപെന്‍ഡന്റ് ഗ്രീക്ക് പാര്‍ട്ടി നേതാവും ഗ്രീക്ക് പ്രതിരോധ മന്ത്രിയുമായ പാനോസ് കമ്മിയോന്‍സ് ഇതുസംബന്ധിച്ച് വിമര്‍ശം ഉന്നയിച്ച് രംഗത്തെത്തി. സര്‍ക്കാറില്‍ നിന്ന് രാജിവെച്ച് പോകാന്‍ ഇപ്പോള്‍ ഉദ്ദേശ്യമൊന്നുമില്ല. ജര്‍മനിയും മറ്റു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ അട്ടിമറിയില്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി അകപ്പെട്ടു. പുതിയ കരാര്‍ മുന്നോട്ടുവെക്കുന്ന നിരവധി വിഷയങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാറില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പില്‍ വരുത്തണമെങ്കില്‍ വളരെ കര്‍ക്കശമായ നടപടികള്‍ക്ക് സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടി വരും. 5000 കോടി യൂറോയുടെ വായ്പ തിരിച്ചടക്കാന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള നിരവധി വസ്തുവകകള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരാകും. ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രയാസം നേരിടുന്ന ഗ്രീക്ക് ജനതക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഗ്രീക്ക് പ്രധാനമന്ത്രിക്ക് കൂടുതല്‍ ക്ഷീണം ചെയ്യും. ഇപ്പോള്‍ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രധാനമന്ത്രിക്കെതിരെ വിമര്‍ശം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. അതിന് പുറമെ ഇന്ന് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബന്ദിനും ഗ്രീക്കിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഗ്രീക്ക് പാര്‍ലിമെന്റിന് മുമ്പിലെത്തി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും വിവിധ ഉദ്യോഗസ്ഥ കൂട്ടായ്മകള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.