Connect with us

International

ആണവ കരാര്‍: എത്ര സമയം നീട്ടാനും തയ്യാറെന്ന് ഇറാന്‍

Published

|

Last Updated

വിയന്ന: ഇറാനുമായുള്ള ആണവകരാറിലേക്ക് ലോക രാജ്യങ്ങള്‍ കൂടുതല്‍ അടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ, ചര്‍ച്ച ആവശ്യമായ സമയം നീട്ടിക്കൊണ്ടുപോകാന്‍ തയ്യാറാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ളരീഫ്. ഇറാഖ് ആണവപദ്ധതികള്‍ മരവിപ്പിക്കുന്നതിന് പകരമായി ഇറാന് മേല്‍ ചുമത്തപ്പെട്ട ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. വിയന്നയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനും അമേരിക്ക ഉള്‍പ്പെടെയുള്ള ആറ് ലോക രാജ്യങ്ങളും ചര്‍ച്ച നടത്തിവരികയാണ്. കരാര്‍ ഉടന്‍ നിലവില്‍ വരുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഇറാന്‍, പാശ്ചാത്യന്‍ ഉദ്യോഗസ്ഥര്‍ ശുഭാപ്തി പ്രകടിപ്പിച്ചിരുന്നു.
അതേസമയം, പ്രധാന ചില വിഷയങ്ങളില്‍ ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. കരാറിലെത്താന്‍ തീരുമാനമായാലും യു എസ് കോണ്‍ഗ്രസില്‍ ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗവും ഡെമോക്രാറ്റ് അംഗവും ചൂണ്ടിക്കാട്ടി.
ഇനിയും കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചില വിഷയങ്ങളില്‍ ഉണ്ടാവേണ്ടതുണ്ടെന്ന് ഇതുസംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ആശങ്കപ്രകടിപ്പിച്ചിരുന്നു. ചര്‍ച്ചയുടെ ഏറ്റവും മുകളിലെത്തിയെന്നും എന്നാല്‍, ഇതിന്റെ പൂര്‍ത്തീകരണത്തിന് ചില പടികള്‍ കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആണവ കരാറിലെത്തുന്നത് പരാജയപ്പെട്ടാലും ഇറാന്‍ കടമനിര്‍വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2006 മുതല്‍ ഇറാനെതിരെ ബാലിസ്റ്റിക് മിസൈല്‍ ഉപരോധം ആരംഭിച്ചിരുന്നു. ഇത് പിന്‍വലിക്കണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. കരാറിലെത്തിയ ഉടന്‍ തന്നെ ആയുധ ഉപരോധം പിന്‍വലിക്കണമെന്ന് ചര്‍ച്ച ആരംഭിച്ച കാലം മുതല്‍ തന്നെ ഇറാന്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഈ വിഷയത്തില്‍ റഷ്യ ഇറാനെ നേരത്തെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
വിയന്നയില്‍ എത്തിയത് മുതല്‍ ജോണ്‍ കെറി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ളരീഫുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്.

 

Latest