Connect with us

Gulf

പാക് ബാലികക്ക് മജ്ജ മാറ്റിവെക്കാന്‍ അജ്ഞാതന്‍ നല്‍കിയത് നാലു ലക്ഷം

Published

|

Last Updated

ദുബൈ: ദുബൈയില്‍ കഴിയുന്ന താലാസീമിയ ബാധിതയായ പാക് ബാലികക്ക് മജ്ജമാറ്റിവെക്കാന്‍ അജ്ഞാതന്‍ നല്‍കിയത് നാലു ലക്ഷം ദിര്‍ഹം. ഫഹീം സുല്‍ത്താന്റെയും ബീനിഷ് ഹസ്സന്റെയും നാലു വയസുകാരിയായ മകള്‍ ഷഹീറ ഫഹീമിനാണ് രണ്ടാം തവണ മജ്ജമാറ്റിവെക്കാന്‍ അജ്ഞാതന്‍ പണം സംഭാവന ചെയ്തരിക്കുന്നത്. മാതൃരാജ്യത്ത് ഒരു തവണ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ഷഹീറ വിധേയമായിരുന്നെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായിരുന്നില്ല. ഇറ്റലിയിലെ മെഡിറ്ററേനിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെമറ്റോളജിയിലാണ് ഗുരുതരാവസ്ഥയിലുള്ള ബാലികയെ ശസ്ത്രക്രിയക്ക് മെയില്‍ വിധേയമാക്കിയത്. ആദ്യ ശസ്ത്രക്രിയക്കായി സമ്പാദ്യമെല്ലാം ചെലവഴിച്ചതിനാല്‍ രണ്ടാമത്തെ ശസ്ത്രക്രിയക്കായി ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലൂടെ 1.5 ലക്ഷം ദിര്‍ഹം സമാഹരിച്ച് ബാക്കി തുകക്കായി എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുമ്പോഴാണ് അജ്ഞാതന്‍ കൈതാങ്ങായിരിക്കുന്നത്.
ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് ഒന്നും പറയാനില്ല, അല്ലാഹു എല്ലാറ്റിനും ഒരു വഴി കാണിക്കുന്നുവെന്ന് മാത്രം-ഫഹീം സുല്‍ത്താന്‍ പ്രതികരിച്ചു. ഒരു ദിവസം എത്ര തുകയാണ് ആവശ്യമെന്ന് ചോദിച്ച് ഒരാള്‍ വിളിക്കുകയായിരുന്നു. ആറു ലക്ഷം ദിര്‍ഹത്തോളം വേണ്ടിവരുമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഉടന്‍ ആശുപത്രിയിലേക്ക് പോകാനും തുക താന്‍ അടക്കാമെന്നും അജ്ഞാതന്‍ പറയുകയായിരുന്നു. ആ വാക്കുകള്‍ വിശ്വസിക്കാനേ ആയില്ല. പേര് ചോദിച്ചപ്പോള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞു.
ഇദ്ദേഹം ഉള്‍പെടെ കുഞ്ഞിന്റെ ചികിത്സക്കായി പണം നല്‍കി സഹായിച്ചവരോട് തനിക്ക് നന്ദിയുണ്ടെന്നും ഈ യുവാവ് വ്യക്തമാക്കി. മകള്‍ സുഖം പ്രാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest