Connect with us

Kerala

മരങ്ങാട്ടുപിള്ളി കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം: കോട്ടയം മരങ്ങാട്ടുപിള്ളിയില്‍ യുവാവ് പോലീസ് മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡി മരണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്റെ ചര്‍ച്ചക്കിടെയാണ് ആഭ്യന്തര മന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. അതിനിടെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതേതുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു. സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സംഭവം ഏത് ജഡ്ജി അന്വേഷിക്കണമെന്ന കാര്യം പ്രതിപക്ഷവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. മരിച്ച സിബിയുെട കുടുംബത്തിന് സര്‍ക്കാര്‍ ധനഹായം നല്‍കുമെന്നും ഇതില്‍ കൂടുതല്‍ ഒന്നും സര്‍ക്കാറിന് ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മരങ്ങാട്ടുപിള്ളി സംഭവത്തില്‍ പോലീസ് വീഴ്ച പറ്റിയതായി ആഭ്യന്തര മന്ത്രി സമ്മതിച്ചു. പ്രതിയെ കസ്റ്റഡയില്‍ എടുക്കുമ്പോള്‍ സ്വാഭാവികമായും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഉടന്‍ പ്രതിയെ വൈദ്യപരിശോധനക്ക് വിധേയനാക്കേണ്ടതുണ്ട്. സിബിയുടെ കാര്യത്തില്‍ ഇത് ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത എസ് ഐ കെ എ ജോര്‍ജ്കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷത്ത് നിന്ന് കെ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.