വയനാട് മെഡിക്കല്‍ കോളജിന് ശിലയിട്ടു

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 2:44 am

കല്‍പ്പറ്റ: എം കെ ജിനചന്ദ്രന്‍ സ്മാരക ഗവ. മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. വയനാട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ആതുരശുശ്രൂഷാരംഗത്ത് ജില്ലയുടെ വികസനക്കുതിപ്പിന്റെ തുടക്കം മാത്രമാണെന്നും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ജില്ലയുടെ സമഗ്ര വികസനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ ചട്ടപ്രകാരം 25 ഏക്കര്‍ സ്ഥലം മതിയെന്നിരിക്കെ വയനാട്ടില്‍ 50 ഏക്കര്‍ സര്‍ക്കാര്‍ സ്വരൂപിച്ചത് മെഡിസിറ്റി പദ്ധതി കൂടി മുന്നില്‍ക്കണ്ടാണ്. ആദ്യഘട്ടത്തില്‍ 25 ഏക്കറില്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ശേഷിക്കുന്ന 25 ഏക്കറില്‍ മെഡി സിറ്റി യാഥാര്‍ഥ്യമാക്കാനാണ് പരിപാടി.
ഇതിന്റെ സമഗ്ര പദ്ധതിരേഖ തയ്യാറായിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാടിന്റെ വികസനത്തിന് കുതിപ്പേകുന്ന മറ്റ് പദ്ധതികള്‍ കൂടി എത്രയും വേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുകയാണ്. നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍വേ ലൈനാണ് ഇതില്‍ ആദ്യത്തേത്. ഇതിനോടകം പദ്ധതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. എം വി ശ്രേയാംസ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ ചടങ്ങില്‍ പൊതുമാരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് അനാഛാദനം ചെയ്തു.
കോളജിനായി 50 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം ജെ വിജയപത്മയെയും ജില്ലയിലെ ആദ്യകാല ഡോക്ടര്‍മാരായ കെ അബ്ദുല്ല, പി നാരായണന്‍ നായര്‍, കെ വി ഉണ്ണികൃഷ്ണന്‍ എന്നിവരെയും ആദരിച്ചു.
ചടങ്ങില്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍, പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ് എം പി, വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി ടീച്ചര്‍ സംബന്ധിച്ചു.