വെളിച്ചെണ്ണ ഇറക്കുമതി നീക്കം കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാകും

Posted on: July 13, 2015 6:00 am | Last updated: July 13, 2015 at 2:00 am

market
കൊച്ചി: എസ് ടി സി യുടെ വെളിച്ചെണ്ണ ഇറക്കുമതി നീക്കം സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാവും. രാജ്യാന്തര റബര്‍ വിപണിയിലെ തളര്‍ച്ച മറയാക്കി വ്യവസായികള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ ഷീറ്റ് വില ഇടിച്ചു. ആഭരണ വിപണികളില്‍ പവന്റെ വില താഴ്ന്നു.
എസ് ടി സി യുടെ വെളിച്ചെണ്ണ ഇറക്കുമതി നീക്കം സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ക്ക് കനത്ത പ്രഹരമാവും. വിളവെടുപ്പ് പുരോഗമിച്ചതിനിടയില്‍ വന്‍കിട മില്ലുകാര്‍ കൊപ്ര സംഭരണം കുറച്ചു. കേന്ദ്ര ഏജന്‍സി 2000 ടണ്‍ വെളിച്ചെണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ്. പച്ച തേങ്ങക്ക് ആവശ്യകാര്‍ ചുരുങ്ങിയത് ഉത്പാദകരെസമ്മര്‍ദത്തിലാക്കി.
വെളിച്ചെണ്ണ റെക്കോര്‍ഡായ 16,700 രൂപയില്‍ നിന്ന് ഇതിനകം 9900 രൂപയായി. ഓണാഘോഷ വേളയിലെ വില്‍പ്പന മുന്നില്‍ കണ്ട് കേന്ദ്ര ഏജന്‍സിയായ വെളിച്ചെണ്ണ ഇറക്കുമതിക്കുള്ള നീക്കത്തിലാണ്. വിദേശ വെളിച്ചെണ്ണ എത്തിയാല്‍ നാളികേരോത്പന്നങ്ങളുടെ വില വീണ്ടും ഇടിയാം. കൊപ്ര 7260 ല്‍ നിന്ന് 6650 രൂപയായി.
വിദേശ ബ്ബര്‍ മാര്‍ക്കറ്റുകളിലെ വില തകര്‍ച്ച കണ്ട് ടയര്‍ കമ്പനികള്‍ ഷീറ്റ് സംഭരണത്തിന് താത്പര്യം കാണിച്ചില്ല. കാലാവസ്ഥ റബ്ബര്‍ ടാപ്പിംഗിന് അനുകൂലമെങ്കിലും ഷീറ്റിന്റെ താഴ്ന്ന വില മുലം ഉത്പാദകര്‍ തോട്ടങ്ങളില്‍ നിന്ന് വിട്ടു നിന്നു. ടയര്‍ കമ്പനികളില്‍ നിന്നുള്ള ഡിമാന്‍ഡ് ചുരുങ്ങിതോടെ നാലാം ഗ്രേഡിന് 400 രൂപ കുറഞ്ഞ് 12,500 രൂപയായി. അഞ്ചാം ഗ്രേഡ് 12,300 രൂപയിലാണ്. കൊച്ചിയില്‍ 500 ടണ്‍ റബ്ബറിന്റെ വ്യാപാരം നടന്നു. റമസാന്‍ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ഗള്‍ഫ് മേഖലയില്‍ നിന്ന് ചുക്കിന് ആവശ്യക്കാരെത്തി. ഉത്തരേന്ത്യയില്‍ നിന്നും ചുക്കിന് ഓര്‍ഡറുണ്ട്. വിപണിയില്‍ ചുക്കിന്റെ സ്‌റ്റോക്ക് നില ചുരുങ്ങി. മികച്ചയിനം ചുക്ക് 24,500 രൂപയിലും മീഡിയം ചുക്ക് 23,500 ലുമാണ്. ഉത്തരേന്ത്യന്‍ വ്യാപാരികള്‍ കുരുമുളക് സംഭരണം പുര്‍ത്തിയാക്കി രംഗം വിട്ടത് ഉത്പന്ന വിലയെ ബാധിച്ചു. കഴിഞ്ഞവാരം കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 1200 രൂപ കുറഞ്ഞ് 65,300 ലേക്ക് താഴ്ന്നു. അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില 62,300 രൂപയാണ്. രാജ്യാന്തര മാര്‍ക്കറ്റില്‍ മലബാര്‍ കുരുമളക് വില ടണ്ണിന് 11,000 ഡോളറാണ്. ലണ്ടനില്‍ സ്വര്‍ണ വില താഴ്ന്നു. ഔണ്‍സിന് 1168 ഡോളറില്‍ നിന്ന് 1145ലേയ്ക്ക് ഇടിഞ്ഞ ശേഷം 1162 ഡോളറിലാണ്. സംസ്ഥാനത്ത് പവന് 19,640ല്‍ നിന്ന് 19,600 രൂപയായി.