Connect with us

Kerala

ഒന്നരക്കോടി രൂപക്ക് മുക്ക് പണ്ടം പണയം വെച്ചയാള്‍ അറസ്റ്റില്‍

Published

|

Last Updated

വളാഞ്ചേരി: എം ഡി സി ബേങ്കിന്റെ കുറ്റിപ്പുറം ശാഖയില്‍ ഒന്നരക്കോടി രൂപക്ക് മുക്ക് പണ്ടം പണയം വെച്ചയാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം സ്വദേശി എടശേരി വിനോദ് കുമാര്‍ (45) നെയാണ് കുറ്റിപ്പുറം എസ് ഐയും സംഘവും അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഇയാള്‍ ബേങ്കില്‍ വെച്ച 20 പവന്‍ മുക്ക് പണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവ തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കും. സംഭവത്തെ തുടര്‍ന്ന് ബേങ്ക് മാനേജര്‍ അടക്കം മൂന്ന് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
കോയമ്പത്തൂരില്‍ നിന്നാണ് മുക്ക് പണ്ടം കൊണ്ടുവരുന്നതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. 2006 മുതല്‍ ജില്ലാ ബേങ്കിന്റെ കുറ്റിപ്പുറം ശാഖയില്‍ ഇയാള്‍ മുക്ക് പണ്ടം പണയം വെക്കുന്നുണ്ട്. കാലാവധി കഴിഞ്ഞുള്ള ബേങ്കിന്റെ നോട്ടീസ് വരുന്ന സമയത്ത് പലിശയടക്കുന്നതിന് പകരം കൂടുതല്‍ പണ്ടം ബേങ്കില്‍ വെക്കുകയാണ് പതിവ്. ഇതിന് ജീവനക്കാരുടെ സഹായവുമുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ എത്തിയ പ്രതി ബേങ്ക് അധികൃതര്‍ ശ്രദ്ധിക്കുന്നത് കണ്ടതോടെ ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടുന്നത്. വര്‍ഷങ്ങളായി വെച്ച മുക്ക് പണ്ടം 1.35 കോടി രൂപക്കുള്ളതുണ്ടെന്ന് ബേങ്ക് അധികൃതര്‍ പറഞ്ഞു. ഇയാളുടെ തിരൂര്‍ റോഡിലെ കൃഷ്ണ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ് ഐ. കെ പി വാസു പറഞ്ഞു. എസ് ഐ ക്ക് പുറമെ അഡീഷണല്‍ എസ് ഐ എം ഷണ്‍മുഖന്‍, ജൂനിയര്‍ എസ് ഐ അന്‍സാരി, സി പി ഒ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest