പാര്‍ക്കിംഗിനു വേണ്ടി വട്ടം കറങ്ങേണ്ടി വരുന്നവര്‍

Posted on: July 12, 2015 6:41 pm | Last updated: July 12, 2015 at 6:41 pm

kannaadi
വാഹനം ഓടിക്കുന്നവരുടെ വലിയ പ്രശ്‌നം പാര്‍ക്കിംഗാണ്. ദുബൈ, അബുദാബി, ഷാര്‍ജ നഗരങ്ങളില്‍ മിക്കപ്പോഴും ഉദ്ദേശിച്ച സമയത്ത് എത്താതിരിക്കാന്‍ കാരണം പാര്‍ക്കിംഗ് സ്ഥലത്തിന്റെ അപര്യാപ്തത. വന്‍കിട ഹോട്ടലുകളില്‍ ‘വാലെ’ പാര്‍ക്കിംഗ് സൗകര്യമുണ്ടാകും. എന്നാല്‍ ചെറുകിട ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളിലും ധാരാളം കെട്ടിടങ്ങളുള്ള തെരുവോരങ്ങളിലും പാര്‍ക്കിംഗ് ലഭ്യമാവുക എളുപ്പമല്ല. ദുബൈ ദേര, ബര്‍ദുബൈ, അബുദാബി ഹംദാന്‍ സ്ട്രീറ്റ്, ഷാര്‍ജ റോള എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് കിട്ടുക എന്നത് ഭാഗ്യരേഖ തെളിയുന്നതുപോലെയാണ്. മണിക്കൂറുകള്‍ കറങ്ങിയാലും പാര്‍ക്കിംഗ് ലഭിക്കില്ല.
സഹികെട്ട് ചിലര്‍ മടങ്ങിപ്പോകും. അല്ലെങ്കില്‍, വാഹനം ദൂരെ എവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് ടാക്‌സിയില്‍ കയറും. ദുബൈയിലാണെങ്കില്‍ മെട്രോ ട്രെയിനിനെ ആശ്രയിക്കുന്നവര്‍ ധാരാളം.
വാഹനങ്ങള്‍ പെരുകിയതാണ് പ്രധാന കാരണം. പൊതു ഗതാഗത സംവിധാനത്തെ കൂടുതലായി ആശ്രയിക്കണമെന്നും ഒരുവീട്ടിലുള്ളവര്‍ ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ആര്‍ ടി എ നിരന്തരം ബോധവത്കരണം നടത്തിയിട്ടും ഫലമില്ല.
ചില വന്‍കിട നഗരങ്ങളില്‍ ഉള്ളത് പോലെ വാഹനങ്ങള്‍ക്ക് വ്യത്യസ്ത നിറം നല്‍കി, രാവിലെ, ഉച്ച, വൈകുന്നേരം എന്നിങ്ങനെ സമയം തിച്ച്, ഇന്ന നിറത്തിലുള്ള വാഹനം മാത്രമെ ആ സമയങ്ങളില്‍ നിരത്തിലിറക്കാവൂ എന്ന നിയമം കൊണ്ടുവരാന്‍ അധികൃതര്‍ ആലോചിച്ചേക്കും.
ദുബൈയില്‍ പൊതുമേഖലക്ക് 1,25,000 പാര്‍ക്കിംഗ് ഉണ്ടെന്നാണ് കണക്ക്. അതിന്റെ രണ്ടിരട്ടിയാണ് പൊതുമേഖലയില്‍ ജോലിചെയ്യുന്നവരില്‍ വാഹനവുമായി എത്തുന്നത്. അവര്‍, സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങളെയും ആശ്രയിക്കും. മിക്ക മാളുകളിലും ഭൂഗര്‍ഭ പാര്‍ക്കിംഗ് ഉണ്ടെങ്കിലും അവിടെയും ചില നേരങ്ങളില്‍ വാഹനം കയറ്റാന്‍പോലും കഴിയില്ല. അവരും തെരുവോരങ്ങളെ ആശ്രയിക്കും. തെരുവോരങ്ങള്‍ നിറയുമ്പോള്‍ സ്വകാര്യ പാര്‍ക്കിംഗുകള്‍. മണിക്കൂറിന് ശരാശരി പത്തുദിര്‍ഹമാണ് ഈടാക്കുന്നത്. മിക്ക പാര്‍ക്കിംഗ് കേന്ദ്രങ്ങളും തുറസായ സ്ഥലങ്ങളിലാണ്. പകല്‍, വാഹനം ചൂട് പിടിച്ച് അസഹ്യമായിരിക്കും.
ദുബൈ ഇന്റര്‍നാഷനല്‍ സിറ്റിയില്‍ പാര്‍ക്കിംഗ് പ്രശ്‌നം രൂക്ഷം. ഇവിടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. 22,000 ഫഌറ്റുകളും 60,000 ആളുകളുമുണ്ടെന്ന് ഔദ്യോഗിക വിവരം. 380 കെട്ടിടങ്ങളില്‍ 5,000 പാര്‍ക്കിംഗ് ഉണ്ടത്രെ. പക്ഷേ, വൈകുന്നേരം ജോലി കഴിഞ്ഞെത്തുമ്പോള്‍ പാര്‍ക്കിംഗ് ലഭിക്കാതെ മണിക്കൂറുകള്‍ അലയേണ്ടി വരുന്നുവെന്ന് താമസക്കാര്‍. വഴിയോരത്ത് അനധികൃതമായി പാര്‍ക്കു ചെയ്താല്‍ 200 ദിര്‍ഹം പിഴ അടക്കണം. സഹികെട്ട താമസക്കാര്‍ ആര്‍ ടി എക്ക് പരാതി നല്‍കി. ഇന്റര്‍നാഷനല്‍ സിറ്റി നിര്‍മിച്ചത് നഖീല്‍ ഗ്രൂപ്പ് ആണ്. അവരുമായി ചര്‍ച്ച ചെയ്ത് ആര്‍ ടി എ താമസിയാതെ പരിഹാരം കാണും.
വാഹനമോടിക്കുന്നവര്‍ക്ക്, വാഹനപ്പെരുപ്പവും സ്ഥലപരിമിതിയും കാരണം മണിക്കൂറുകളാണ് നഷ്ടപ്പെടുന്നത്. ആയുസിന്റെ പകുതി പാര്‍ക്കിംഗ് അന്വേഷിച്ച് തീരുമെന്ന് ഒരുകൂട്ടര്‍. നിസ്‌കാര സമയത്ത്, മസ്ജിദിനു സമീപം തലങ്ങും വിലങ്ങും പാര്‍ക്കുചെയ്യുന്നത് മറ്റുള്ളവര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുവെന്ന് മറ്റൊരുകൂട്ടര്‍. വാഹനം പുറത്തെടുക്കാന്‍ നന്നേ പാടുപെടും. ഉയര്‍ന്ന പൗരബോധം ഇക്കാര്യത്തില്‍ അനിവാര്യം.