ആര്‍ ടി എയുടെ യാത്രാ ഷെയറിംഗ്; അഞ്ച് ഭാഷകളില്‍ ആപ്ലിക്കേഷന്‍

Posted on: July 12, 2015 6:35 pm | Last updated: July 12, 2015 at 6:35 pm

 

SHARKNIദുബൈ: വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ടവര്‍ ഒരൊറ്റ വാഹനത്തില്‍ പോകുന്ന പദ്ധതിയായ ‘ശാരിക്‌നി’ യുടെ ആപ്ലിക്കേഷന്‍ അഞ്ചു ഭാഷകളില്‍ ലഭ്യമാക്കുമെന്ന് ആര്‍ ടി എ ചെയര്‍യാന്‍ മതര്‍ അല്‍ തായര്‍ അറിയിച്ചു. സ്വകാര്യ കാര്‍ ഷെയറിംഗിന് ബദലായാണ് ആര്‍ ടി എയുടെ ശാരിക്‌നി. നിലവില്‍ അറബി ഇംഗ്ലീഷ് ഭാഷകളിലാണ് സ്മാര്‍ട് ആപ്ലിക്കേഷനുള്ളത്. താമസിയാതെ ചൈനീസ്, തകലോഗ്, ഉര്‍ദു എന്നീ ഭാഷകളില്‍കൂടി സ്മാര്‍ട് ആപ്ലിക്കേഷന്‍ ഏര്‍പെടുത്തും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് എല്ലാ മേഖലകളിലും സ്മാര്‍ട് ആപ്ലിക്കേഷനുകള്‍ ഏര്‍പെടുത്തുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങള്‍ കുറക്കാന്‍ വേണ്ടിയാണ് സിംഗിള്‍ ഒക്യുപ്പെന്‍സി വെഹിക്ള്‍സ് (എസ് ഒ വി) ഏര്‍പെടുത്തിയിരിക്കുന്നത്. വാഹന പാര്‍ക്കിംഗ് പ്രശ്‌നത്തിന് പരിഹാരമാകാനും ഈ ഒരു സംവിധാനത്തിന് സാധ്യമാകും. അന്തരീക്ഷ മലിനീകരണം കുറയും. വാഹനം ഒടിക്കുന്നവരുടെ മാനസിക-ശാരീരീക ആരോഗ്യം മെച്ചപ്പെടും. 2008 ജൂലൈയിലാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തോടെ 16 ശതമാനം ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. ആര്‍ ടി എയില്‍ ബന്ധപ്പെട്ടാല്‍ ഈ ഷെയറിംഗ് സഞ്ചാര വഴിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയും.

www.sharekni.ae എന്ന പോര്‍ട്ടല്‍ വഴിയാണ് സ്മാര്‍ട് ആപ്ലിക്കേഷന്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഇ-മെയിലുകളും സന്ദേശങ്ങളും സ്വീകരിക്കാനുള്ള സംവിധാനം പോര്‍ട്ടലിലുണ്ട്. എവിടെനിന്ന് എവിടേക്ക് എവിടം വരെ വാഹന സൗകര്യമുണ്ടെന്ന് പോര്‍ട്ടലില്‍ നിന്ന് വ്യക്തമാകും. ഏതെങ്കിലും പ്രത്യേക സ്ഥലത്തേക്ക് അപേക്ഷ ഉണ്ടെങ്കില്‍ അത് അംഗീകരിക്കുമെന്നും മതര്‍ അല്‍ തായര്‍ അറിയിച്ചു.