Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജ് നിരന്തര പ്രയത്‌നങ്ങളുടെ ഫലം- എം ഐ ഷാനവാസ്

Published

|

Last Updated

കല്‍പ്പറ്റ: യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്ന് വര്‍ഷമായി താനുള്‍പ്പടെയുള്ളവര്‍ നിരന്തരം നടത്തിയ പ്രയത്‌നങ്ങളുടെ ഫലമായിട്ടാണ് വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാകുന്നതെന്ന് എം ഐ ഷാനവാസ് പ്രസ്താവിച്ചു. ജില്ലയില്‍നിന്നുള്ള എം എല്‍ എ മാരും എം പി എന്ന നിലയില്‍ താനും മുഖ്യമന്ത്രിയുമായി ചുരുങ്ങിയത് ഒരു ഡസന്‍ തവണയെങ്കിലും നടത്തിയ ചര്‍ച്ചയുടെ ഫലമാണ് മെഡിക്കല്‍ കോളജ്. എം ജെ വിജയപത്മന്‍ പ്രസിഡന്റും പരേതനായ എം കെ ജിനചന്ദ്രന്റെ മറ്റ് പിന്തുടര്‍ച്ച അവകാശികള്‍ അംഗങ്ങളുമായ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റാണ് തങ്ങളുടെ അധീനതയിലുള്ള അന്‍പത് ഏക്കര്‍ ഭൂമി സ്വൗജന്യമായി മെഡിക്കല്‍ കോളേജിനു തന്നത് പ്രസ്തുത ഭൂമിയെകുറിച്ചും ഭൂമിയിലെ മരങ്ങള്‍ ട്രസ്റ്റ് മുറിച്ചെടുക്കുന്നത് സംബന്ധിച്ചും നിരവധി നിയമ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് ഉയര്‍ത്തിയപ്പോള്‍ അവതരണം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി കാണിച്ച ആര്‍ജവം എടുത്ത് പറയേണ്ടതാണ്. നിയമപരമായി ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നിശ്ചയദാര്‍ഡ്യത്തോടെ മുഖ്യമന്ത്രി തീരുമാനിക്കുകയും ക്യാബിനറ്റില്‍ ഈ പ്രശ്‌നം ഗൗരവകരമായി അവതരിപ്പിച്ചും ഓവര്‍റൂള്‍ ചെയ്തും തടസങ്ങള്‍ നീക്കിയതിനാലാണ് ഇപ്പോഴെങ്കിലും മെഡിക്കല്‍ കോളജിന് തറക്കല്ലിടാനായത്. ഈ കാര്യത്തില്‍ മുതിര്‍ന്ന മന്ത്രിമാരുടെ നിലപാടുകളും ഏറെ സഹായകരമായിരുന്നു. സകല നിയമപ്രശ്‌നങ്ങളും ചാടികടന്ന് ഇങ്ങനെ ഒരു നിലപാട് എടുക്കുക എന്നത് കേരള ചരിത്രത്തില്‍ വളരെ വിരളമാണ്. എന്നത് കൊണ്ട് തന്നെ ഈ ഔദാര്യ സമീപനത്തിന് വയനാടന്‍ ജനത മുഖ്യമന്ത്രിയോട് ഏറെ കൃതജ്ഞയുള്ളവരാണ്.
പ്രമുഖ കോണ്‍ഗ്രസ് നേതാവും ഭരണഘടനനിര്‍മ്മാണ സഭയില്‍ അംഗവും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ് റുവിന്റെ സഹപ്രവര്‍ത്തകനും രണ്ടാം ലോകസഭയില്‍ വയനാടിനെ ഉള്‍പ്പെടെ പ്രതിനിധീകരിച്ച എം പി യും വയനാടിന്റെ എക്കാലത്തെയും അഭിമാന പുരുഷനുമായ യശശരീരനായ എം കെ ജിനചന്ദ്രനോടുള്ള കടപ്പാടും വയനാട്ടുകാരോടുള്ള പ്രതബദ്ധതയും മുഖ്യമന്ത്രി ഇതിലൂടെ പ്രകടിപ്പിക്കുകയായിരുന്നു.ദേശീയ നേതാവായ ജിനചന്ദ്രനുള്ള ഉചിതമായ സ്മാരകമായി വയനാട് മെഡിക്കല്‍ കോളജ് മാറും. വയനാട്ടുകാരെ സ്‌നേഹിക്കുന്ന വയനാട്ടുകാര്‍ സ്‌നേഹിക്കുന്ന വിജയപത്മനോടും അദേഹത്തിന്റെ കുടുംബ ട്രസ്റ്റിനോടും എന്നെന്നും വയനാട്ടുകാര്‍ നന്ദിയുള്ളവരായിരിക്കും.
900 കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ കോളജിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുക എന്ന കടമ്പമാത്രമാണ് നാം ഇപ്പോള്‍ കടക്കുന്നത് തുടര്‍ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് കണ്ടെത്തുക എന്നത് കടുത്ത വെല്ലുവിളിതന്നെയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഏജന്‍സികളുടെയും നിര്‍ലോഭമായ പിന്തുണ ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് ഈ കാര്യത്തില്‍ പരമാവധി സഹായങ്ങള്‍ ചെയ്യിക്കാന്‍ താന്‍ മുന്‍ കൈ എടുക്കും. ഗ്രാമങ്ങള്‍ നിറഞ്ഞ ജില്ലയായ വയനാട് ആദിവാസി ജില്ലയും ന്യൂനപക്ഷ പിന്നാക്ക കേന്ദ്രീകൃത ജില്ലയുമാണ് ഈ മേഖലകളില്‍ വിവിധ പദ്ധതികള്‍ക്ക് പണം ചെലവിടുന്ന എം എസ് ഡി പി പോലുള്ള കേന്ദ്ര ഫണ്ടുകളില്‍ മെഡിക്കല്‍ കോളജിനാവശ്യമായ നല്ലൊരു തുക വകയിരുത്തുന്നതിന് കേന്ദ്ര സര്‍കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നതിന് നേതൃത്വം നല്‍കും. കൂടാതെ നബാഡ,് കോഫീ ബോര്‍ഡ് എന്നിവയുള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികളെയും ബോര്‍ഡുകളെയും സമീപിക്കും. കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എല്ലാവരെയും ഇക്കാര്യത്തില്‍ ഒരുമിച്ച് നിറുത്തി മുന്‍പോട്ട് കൊണ്ട് പോകുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കും. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുകയെന്നതാണ് എം പി യെന്നെ നിലയില്‍ തന്റെ ഏറ്റവും മുന്‍ഗണനയര്‍ഹിക്കുന്ന പ്രവര്‍ത്തന ലക്ഷ്യം.
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കല്‍പറ്റ എം.എല്‍.എ ശ്രേയാംസ്‌കുമാറിനും 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിനും അഭിവാദ്യമര്‍പ്പിച്ച് വിദ്യാര്‍ഥി ജനത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ പ്രകടനം നടത്തി. സംസ്ഥാന ജന. സെക്രട്ടറി യു.എ. അജ്മല്‍ സാജിദ്, ജോസ് ദേവസി, സി.സി. അരുണ്‍, ജിതിന്‍ രാജേന്ദ്രന്‍, ജിജില്‍, മുസ്താഖ്, അബ്ദുല്‍ ജലീല്‍, നിഥിന്‍ ജോണി, അഖില്‍ ദേവ്, ജിതേഷ്, പ്രണവ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
കല്‍പ്പറ്റ:വയനാട് ജില്ലയുടെ ചിരകാല സ്വപ്‌നമായ മെഡിക്കല്‍ കോളജിനു തറക്കല്ലിടലിനും അഭിവാദ്യം അര്‍പിച്ചു കൊണ്ട് കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി .മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വയനാട് എം പി എം ഐ ഷാനവസിനും അഭിവാദ്യങ്ങള്‍ അര്‍പിച്ച് കല്‍പ്പറ്റ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ നിന്ന് ആരംഭിച്ച് മുനിസിപ്പാലിറ്റി വരെ പ്രകടനം നടത്തി .
കെ എസ് യു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ ,ബ്ലോക്ക് പ്രസിഡണ്ടുമാരായ രോഹിത് ബോധി ,ശ്രീജിത്ത് കുപ്പാടിതറ മുനീര്‍ പൊഴുതന , അഫ്‌സല്‍ കുന്നമ്പറ്റ,അനൂപ് കായക്കണ്ടി,ജിന്‍സന്‍ മേപ്പാടി,ഷെമീര്‍ അബ്ദുള്ള ,ഹര്‍ഷല്‍ കോന്നാടന്‍,ഷെരീഫ് സി എം, ഷാഹിദ് അംബിലേരി , തുടങ്ങിയവര്‍ നേതൃത്വം നല്‍കി.