Connect with us

Editorial

ഇന്ത്യാ - പാക് ബന്ധം

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യത്തിന്റെ മഞ്ഞ് ഉരുകുന്നതിലേക്ക് ഈ തീരുമാനം നയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒന്നോ രണ്ടോ കുടിക്കാഴ്ചകള്‍കൊണ്ട് പരിഹൃതമാകുന്ന തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ അല്ല ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലുള്ളത്. എന്നിരുന്നാലും ഉള്ളുതുറന്ന ചര്‍ച്ചകളിലൂടെ സംഘര്‍ഷത്തിന് അയവു വരുത്താന്‍ കഴിയും. പതിനൊന്ന് മാസം മുമ്പ് നിര്‍ത്തിവെച്ച ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കുന്നതാണ് റഷ്യയില്‍ യൂഫയില്‍ നടന്ന മോദി- നവാസ് ശരീഫ് കൂടിക്കാഴ്ചയുടെ പ്രധാന ഗുണഫലം. ബ്രിക്‌സ്/ ഷാങ്ഹായി സഹകരണ സംഘടനയുടെ (എസ് സി ഒ) ഉച്ചകോടിക്ക് ഇടയിലായിരുന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ആശയവിനിമയത്തിന് സമയം കണ്ടെത്തിയത്. അടുത്ത വര്‍ഷം ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഓഫ് റീജിയണല്‍ കോ- ഓപറേഷന്‍ ) ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള നവാസ് ശരീഫിന്റെ ക്ഷണം പ്രധാനമന്ത്രി മോദി സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിപദമേറ്റ ശേഷം മോദി നടത്തുന്ന ആദ്യ പാക് സന്ദര്‍ശനമായിരിക്കുമിത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യ ചര്‍ച്ച റദ്ദാക്കുകയായിരുന്നു. കാശ്മീരിലെ വിഘടനവാദി നേതാക്കളുമായി ഇന്ത്യയിലെ പാക്സ്ഥാനപതി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യ ചര്‍ച്ച റദ്ദാക്കിയത്.
പാക്കിസ്ഥാനുമായി ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം തേടാനുള്ള സന്നദ്ധത എക്കാലവും ഇന്ത്യ പ്രഖ്യാപിച്ചതാണ്. പക്ഷേ, അതിര്‍ത്തിയില്‍ പലപ്പോഴും പാക് സേനയുടെ പ്രവര്‍ത്തനം പ്രകോപനപരമാണ്. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി മോദി പാക് പ്രധാനമന്ത്രി ശരീഫുമായി ചര്‍ച്ച നടത്താനിരിക്കെ, തലേദിവസം ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സേന ഒരു ബി എസ് എഫ് ജവാനെ വെടിവെച്ച് കൊന്നിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും ലഷ്‌കറെ ത്വയ്ബയുടെ തലവനുമായ സാഖിപൂര്‍ റഹ്മാന്‍ ലഖ്‌വിയെ ജാമ്യത്തില്‍ വിട്ട പാക് നടപടി അങ്ങേയറ്റം പ്രകോപനപരമായിരുന്നു.
ഇത്തരം ഏറെ പ്രകോപനങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും ഇന്ത്യ ഇപ്പോഴും സമാധാന ചര്‍ച്ചകളുടെ പാതയില്‍തന്നെയാണ്. മുംബൈ ഭീകരാക്രമണത്തില്‍ 166 പേര്‍ കൊലചെയ്യപ്പെട്ടിട്ടും ഇന്ത്യ അതിന്റെ സമാധാന പാത കൈവിട്ടില്ല. രാജ്യം സമാധാന പാതയിലൂടെ മാത്രം പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നത് ഇന്ത്യയുടെ ദൗര്‍ബല്യമായി ആരും കാണരുതെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ ത്വരിതപ്പെടുത്തുക, സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ഭീകരരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക, അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ബി എസ് എഫ് ഡയറക്ടര്‍ ജനറലും പാക്കിസ്ഥാന്‍ റെയ്‌ഞ്ചേഴ്‌സിന്റെ തലവനും തമ്മിലുള്ള കൂടിക്കാഴ്ച നേരത്തെയാക്കുക, അതിന് മുമ്പ് രണ്ട് രാജ്യങ്ങളുടെയും സേനാ നടപടികളുടെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലും ചര്‍ച്ച നടത്തുക, ഇരു രാജ്യങ്ങളുടെയും കസ്റ്റഡിയിലുള്ള മീന്‍പിടിത്തക്കാരെ അവരുടെ ബോട്ടുകള്‍ സഹിതം വിട്ടയക്കുക, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിനോദസഞ്ചാരം സാധ്യമാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുക തുടങ്ങിയ മാര്‍ഗരേഖകള്‍ ഇരു രാജ്യങ്ങളും ഗൗരവപൂര്‍വം പരിഗണിക്കും. പാക്കിസ്ഥാനുമായി, ചര്‍ച്ചക്ക് വേണ്ടി ചര്‍ച്ചകള്‍ എന്ന നിലപാട് മാറ്റിയതായും, ഫലം ചൂണ്ടിക്കാണിക്കാനാകുന്ന ചര്‍ച്ചകളിലും സംഭാഷണങ്ങളിലും മാത്രമേ ഇന്ത്യക്ക് താത്പര്യമുള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തോട് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വളരെ കരുതലോടെയാണ് പ്രതികരിച്ചത്. ഇരു നേതാക്കളും പുറപ്പെടുവിച്ച പ്രസ്താവനയില്‍ കാശ്മീരിനെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ലാത്തതിനാല്‍ തീവ്രവാദി നേതാക്കള്‍ തണുപ്പന്‍ മട്ടിലാണ് പ്രതികരിച്ചത്. മാത്രമല്ല കാശ്മീരില്‍ നവാസ് ശരീഫിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ പാക് സായുധസേന ഇപ്പോഴും നവാസ് ശരീഫിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്കെതിരെ നില്‍ക്കാന്‍ ആരും മുതിരില്ലെന്നാണ് ശരീഫിന്റെ വിശ്വാസം. ജനാധിപത്യത്തിന് ഇനിയും കാര്യമായ വേരോട്ടം ലഭിച്ചിട്ടില്ലാത്ത രാജ്യമാണ് പാക്കിസ്ഥാന്‍ എന്നതിനാല്‍ സൈന്യത്തിന്റെ നിലപാടുകളാണ് ലോകം ഉറ്റുനോക്കുന്നത്.

---- facebook comment plugin here -----

Latest