വാഗ്ദാനങ്ങളുമായി വോട്ടുവിമാനം എത്തുമ്പോള്‍

Posted on: July 11, 2015 5:24 pm | Last updated: July 11, 2015 at 5:24 pm

gulf kaazcha
ഒക്‌ടോബര്‍ രണ്ടാം വാരത്തിലാണ് കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അതിന്, നാട്ടില്‍പോകാതെ തന്നെപ്രവാസികള്‍ക്ക് വോട്ട് വിനിയോഗിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൂചന. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, എങ്ങിനെ എന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം. പ്രതിനിധി വോട്ട് (പ്രോക്‌സി), ഓണ്‍ലൈന്‍ വോട്ട്, നയതന്ത്രകാര്യാലയത്തിന്റെ മേല്‍നോട്ടത്തില്‍ മലയാളികളുള്ള വിദേശങ്ങളില്‍ ബൂത്ത് സ്ഥാപിക്കല്‍ എന്നിങ്ങനെ വിവിധ വഴികള്‍ ആലോചിച്ചു. ഓണ്‍ലൈന്‍ വലിയൊരു സാധ്യതയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. പഠിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് പ്രതിപക്ഷം.
നാട്ടില്‍പോകാതെ തന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ചെയ്യണമെന്ന് പ്രവാസികളില്‍ നിന്നാണ് ആവശ്യം ഉയര്‍ന്നത്. വയലാര്‍ രവി കേന്ദ്ര പ്രവാസി കാര്യ മന്ത്രിയായപ്പോള്‍ ഇന്ത്യക്കാര്‍, വിശേഷിച്ച് മലയാളികള്‍ വേണ്ടുവോളം സമ്മര്‍ദം ചെലുത്തി. 2010ല്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. പക്ഷേ, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനാണ് നടപ്പാക്കാനുള്ള അധികാരം. തീരുമാനം നീണ്ടുപോകുമെന്നായപ്പോള്‍ അബുദാബിയിലെ ഡോ. ശംസീര്‍ വയലില്‍ പരമോന്നത കോടതിയെ സമീപിച്ചു. കോടതിയുടെ അന്തിമ വിധി കാത്തിരിക്കുകയാണ് കേന്ദ്ര ഭരണകൂടവും തിരഞ്ഞെടുപ്പ് കമ്മീഷനും.
കേരള സര്‍ക്കാര്‍ ഒരു മുഴം മുമ്പേ എറിഞ്ഞതാണ് ഇപ്പോള്‍ സര്‍വ കക്ഷി മൈതാനത്ത് ഉരുണ്ടുകളിക്കുന്നത്. പന്ത് ലക്ഷ്യസ്ഥാനത്ത് ഉടന്‍ എത്തും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഗള്‍ഫ് മലയാളികള്‍ക്കും വോട്ട് വിനിയോഗിക്കാന്‍ കഴിഞ്ഞേക്കും. വോട്ട് ചെയ്യാന്‍ ഗള്‍ഫ് മലയാളിക്ക് അവസരം ലഭിക്കുമെന്ന് കരുതുക. എന്തൊക്കെ മാറ്റങ്ങളാണ് രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടാവുകയെന്ന് ആലോചിക്കുന്നത് രസകരമായിരിക്കും.
വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് അവസരം കൈവന്നപ്പോള്‍ ഏതാണ്ട് 13,000 പേരാണ് വിനിയോഗിച്ചത്. വിദേശത്ത് 24 ലക്ഷം മലയാളികളുണ്ടെന്നാണ് കണക്ക്. ഭൂരിപക്ഷം പേരു ചേര്‍ക്കാന്‍ താല്‍പര്യപ്പെട്ടില്ല. കുടുംബം പുലര്‍ത്താനും കഴിയുമെങ്കില്‍ നാട്ടുകാരെക്കൂടി സഹായിക്കാനും വേണ്ടിയാണ് ഭൂരിപക്ഷം ആളുകള്‍ കടല്‍കടന്നത്. വാലില്‍ തീപിടിച്ച പോലെയാണ് മിക്കവരുടെയും ജീവിതം. നാട്ടിലെപ്പോലെയല്ല; വിദേശത്ത് എല്ലുമുറിയെ പണിയെടുക്കണം. എന്നാലെ ശമ്പളം ലഭിക്കുകയുള്ളു. ഇതിനിടയില്‍ വല്ലപ്പോഴും ലഭിക്കുന്ന അവധി ദിവസങ്ങളില്‍ പാര്‍പിടം വൃത്തിയാക്കലും മറ്റുമായി സമയം പോകും. സാമൂഹിക മാധ്യമങ്ങള്‍ വ്യാപകമായതോടെ അതില്‍ അഭിരമിക്കുന്നവര്‍ക്ക് മറ്റൊന്നിനും സമയമില്ല.
മുമ്പ്, സാമൂഹിക സംഘടനകളുടെ പരിപാടികള്‍ക്ക് കനത്ത തിരക്കായിരുന്നു. ഇപ്പോള്‍, മിക്കവരും അവനവനിലേക്ക് ഒതുങ്ങിക്കൂടുന്നു. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും അഭിപ്രായം അറിയിച്ച് കടമ തീര്‍ക്കുന്നു. വൈകാരികമായ വിഷയം ഉണ്ടെങ്കില്‍ മാത്രം ചോരതിളക്കുന്ന കുറച്ചുപേരുണ്ട്. അവര്‍ പക്ഷേ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകുമോ എന്ന് ഉറപ്പു പറയാന്‍ കഴിയില്ല.
ദുബൈ പോലുള്ള ഗള്‍ഫ് നഗരങ്ങളില്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് നിയന്ത്രണമുണ്ട്. അത്‌കൊണ്ട് ബൂത്ത് കെട്ടലും ആളുകളെ ചാക്കിടലും നടക്കുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസ്, സി പി എം അനുഭാവികള്‍ നിലാവത്തിട്ട കോഴികളെപ്പോലെ നട്ടം തിരിയേണ്ടിവരും. ബി ജെ പി, മുസ്‌ലിം ലീഗ് അനുഭാവികള്‍ക്ക് മറ്റു ചില ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. അവര്‍ അത് ഉപയോഗിച്ചെന്നിരിക്കും.
ചില രാജ്യക്കാര്‍ അവരവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ വഴി വോട്ടുരേഖപ്പെടുത്താറുണ്ട്. ഇന്ത്യക്കാര്‍ക്കും അത് കഴിയുമെങ്കിലും ഓരോ ബൂത്തിന് മുന്നിലും പതിനായിരക്കണക്കിനാളുകള്‍ വരി നില്‍ക്കും. ക്രമസമാധാന പാലകര്‍ക്ക് പിടിപ്പത് പണിയായിരിക്കും.
കേരളത്തില്‍ വോട്ടവകാശമുള്ളവര്‍ 2.43 കോടി ആളുകള്‍. പ്രവാസികള്‍കൂടി ചേരുമ്പോള്‍ 2.7 കോടിയാകും. കുറച്ചു പഞ്ചായത്തുകളില്‍ ഫലം നിര്‍ണയിക്കാന്‍ പ്രവാസികള്‍ക്കു കഴിയും. ചില ഗ്രാമങ്ങളില്‍ നിന്ന് കൂട്ടത്തോടെ ഗള്‍ഫിലെത്തിയിട്ടുണ്ട്. അവര്‍ എല്ലാവരും വോട്ടുചെയ്താല്‍ ചില സ്ഥാനാര്‍ഥികളുടെ തലവരമാറും. അത്‌കൊണ്ട്, നാട്ടില്‍ നിന്ന് സ്ഥാനാര്‍ഥിയുടെ ഫോണ്‍ വിളിയോ സന്ദേശങ്ങളോ പ്രതീക്ഷിക്കാം. സ്ഥാനാര്‍ഥി രണ്ടോ മൂന്നോ ദിവസത്തെ ഗള്‍ഫ് പര്യടനം ഒപ്പിച്ചെന്നുമിരിക്കും. ഏതായാലും സ്ഥാനാര്‍ഥി എഴുന്നള്ളുന്നതിന്റെ പൈലറ്റ് വാഹനം മൈക്കുകെട്ടി എത്തുമെന്ന പേടിവേണ്ട. അങ്ങിനെ ചെയ്താല്‍ സംഘാടകര്‍ വിവരം അറിയും.
ഓണ്‍ലൈന്‍ വോട്ടവകാശം യാഥാര്‍ഥ്യമായാല്‍, അത് വിനിയോഗിക്കാന്‍ കഴിയാത്ത എത്രയോ പേര്‍ മലയാളികള്‍ക്കിടയിലുണ്ട്. അവരെ സഹായിക്കാനെന്നപേരില്‍ ചില സാംസ്‌കാരിക സംഘടനകള്‍ രംഗത്തിറങ്ങും. അതോടെ, വാക്കേറ്റവും ഉന്തും തള്ളും രംഗത്തുവന്നേക്കാം.
പ്രവാസി വോട്ടവകാശം കയ്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ വോട്ടവകാശം വേണമെന്നായിരുന്നു പലരുടെയും അഭിപ്രായം. വോട്ടു ചെയ്യാന്‍ അവസരം ലഭ്യമാകുന്നതോടെ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ ഇപ്പോള്‍ ആര്‍ക്കുമില്ല. അഴിമതിയും കെടുകാര്യസ്ഥതയും ആക്രമണ സ്വഭാവവും മറച്ചുപിടിക്കാന്‍ വര്‍ഗീയതയുടെ വിഷവിത്തിറക്കി ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന രാഷ്ട്രീയക്കാരാണ് ഇപ്പോഴുള്ളത്. വിലക്കയറ്റം പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിഷയമാകാതിരിക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കുന്നു. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കാണ് ഊന്നല്‍.
ഇതിനിടയില്‍, പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാന്‍ ആര്‍ക്കുണ്ട്, നേരം?. തിരഞ്ഞെടുപ്പു വരുമ്പോള്‍ വാഗ്ദാനങ്ങളുടെ പെരുമഴ കാണും. അധികാരത്തിലെത്തിയാല്‍ പറഞ്ഞതൊക്കെ വിഴുങ്ങും.
എന്നിരുന്നാലും തിരഞ്ഞെടുപ്പില്‍ ഭാഗമാകേണ്ടത്, ഓരോരുത്തരുടെയും ഉത്തരവാദിത്തം. മെച്ചപ്പെട്ട സ്ഥാനാര്‍ഥി, പ്രസ്ഥാനം, പ്രകടന പത്രിക എന്നിവ പരിശോധിക്കപ്പെടണം. ഇല്ലെങ്കില്‍ വോട്ട് തിരിച്ചടിയാകും. പ്രവാസികള്‍ക്ക് നിരാശയുടെ കല്ലുകടിയാകും.