ഗാര്‍ഹിക പീഡന സംരക്ഷണ കേസില്‍ 20 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Posted on: July 11, 2015 10:46 am | Last updated: July 11, 2015 at 10:46 am

താമരശ്ശേരി: ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയില്‍ 20 ലക്ഷം നഷ്ടപരിഹാരവും പ്രതിമാസം 22,000 രൂപ സംരക്ഷണ ചെലവും നല്‍കാന്‍ കോടതി ഉത്തരവായി. കട്ടിപ്പാറ ആര്യംകുളം കരിഞ്ചോലക്കണ്ടി മുഹമ്മദ് കോയ(46)ക്കെതിരെ ഭാര്യ സക്കീന ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം നല്‍കിയ പരാതിയില്‍ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) പി അവനീന്ദ്ര നാഥാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ കാരണം ഭാര്യക്കുണ്ടായ ശാരീരികവും മാനസികവുമായ വേദനകള്‍ക്കുള്ള നഷ്ട പരിഹാരമായാണ് 20 ലക്ഷം നല്‍കാന്‍ ഉത്തരവായത്. പ്രതിമാസം ഏഴായിരം രൂപ സക്കീനക്കും 5000 രൂപ വീതം ഇവരുടെ മൂന്ന് കുട്ടികള്‍ക്കും സംരക്ഷണ ചെലവ് നല്‍കണമെന്നും കോടതി ഉത്തരവായി. ആര്യംകുളത്ത് മുഹമ്മദ് കോയയുടെ പേരിലുള്ള വീടും സ്ഥലവും കൈമാറ്റം ചെയ്യുന്നത് തടഞ്ഞ കോടതി മുഹമ്മദ് കോയ വീട്ടില്‍ പ്രവേശിക്കുന്നതും സക്കീനയെ വീട്ടില്‍ നിന്നും പുറത്താക്കുന്നതും വിലക്കി. അന്യായക്കാരിക്കുവേണ്ടി അഡ്വ. കെ പി ഫിലിപ്പ് കോടതിയില്‍ ഹാജരായി.