Connect with us

Kerala

സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ റെയ്ഡ്; പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പികള്‍ പിടിച്ചെടുത്തു

Published

|

Last Updated

തിരുവനന്തപുരം: “പ്രേമം” സിനിമയുടെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച സംഭവത്തില്‍ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. സെന്‍സര്‍ ബോര്‍ഡിന്റെ കൈയ്യിലുണ്ടായിരുന്ന സിനിമയുടെ സെന്‍സര്‍ കോപ്പികള്‍ പിടിച്ചെടുത്തു. സെന്‍സര്‍ കോപ്പി ഉച്ചക്ക് മുമ്പായി ഹാജരാക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അത് ഹാജരാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്.

സിനിമയുടെ സെന്‍സര്‍ കോപ്പി പിടിച്ചെടുക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. “പ്രേമം” സിനിമ റിലീസായ തൊട്ടുടന്‍ തന്നെ അതിന്റെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. സെന്‍സര്‍ബോര്‍ഡിന് കൈമാറിയ സിഡിയിലെ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം സെന്‍സര്‍ ബോര്‍ഡിലേക്ക് നീണ്ടത്. സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം ആന്റി പൈറസി സെല്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് സി ഡി കൈമാറിയത് ആരാണ് എന്നത് സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

Latest