അനിതയുടെ മക്കള്‍ക്ക് നാട്ടുകാരുടെ കൈത്താങ്ങ്

Posted on: July 10, 2015 3:28 pm | Last updated: July 10, 2015 at 3:28 pm

കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ ചുവട്ടില്‍ ബൈക്ക് അപകടത്തില്‍ മരിച്ച പുല്ലങ്കോട്ട് താഴെ അനിതയുടെ മക്കള്‍ക്ക് തണലേകാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സഹായ സമിതി നാല് ലക്ഷം രൂപയോളം സമാഹരിച്ചു.
മരണ ശേഷം അനിതയുടെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ദാനം ചെയ്തിരുന്നു. കുറുവങ്ങാട്ടും അനിതയുടെ സ്വദേശമായ അട്ടവയലിലും നടന്ന ജനകീയ ധനശേഖരണത്തിലൂടെ ശേഖരിച്ച തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കുമായാണ് ചെലവഴിക്കുകയെന്ന് സഹായ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, അയല്‍ക്കൂട്ടം എന്നിവയുടെ സഹകരണത്തോടെ നടത്തിയ ധനശേഖരണം അനിതയുടെ അവയവദാനത്തിനുള്ള നാടിന്റെ ആദരമായി. അനിതയുടെ രണ്ടാമത്തെ മകള്‍ അവിഷ്മയുടെ ചികിത്സ ബെംഗളൂരുവിലെ നിംഹാന്‍സ് ആശുപത്രിയില്‍ നടത്തും. കുട്ടികളുടെ ഭാവി സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജില്ലാ കലക്ടറുമായി കൂടിയാലോചിച്ചിട്ടുണ്ട്. തുടര്‍ന്നും സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ ബേങ്ക് കൊയിലാണ്ടി ശാഖയിലെ 6347229046 എന്ന അക്കൗണ്ട് നമ്പറില്‍ നിക്ഷേപിക്കണം.
പത്രസമ്മേളനത്തില്‍ നഗരസഭാധ്യക്ഷ കെ ശാന്ത, സി പി മോഹനന്‍, എന്‍ വി ബാലകൃഷ്ണന്‍, എന്‍ വി മുരളി, വി കെ മുകുന്ദന്‍, എം ബാലകൃഷ്ണന്‍ പങ്കെടുത്തു.