രാവുകളുടെ രാജാവ്

  Posted on: July 10, 2015 6:00 am | Last updated: July 12, 2015 at 4:11 pm

  vrathavishudhi
  ‘റമസാന്‍ യാത്ര തുടരുകയാണ്. അവസാന പത്തില്‍ ഇതിന്റെ പ്രയാണത്തിന് വേഗം കൂടിയതുപോലെ. ചെയ്യാന്‍ ഏറെ ഇനിയുമുണ്ട്. സമയം വളരെ പരിമിതവും. വിശ്വാസികള്‍ക്ക് വെപ്രാളം, എന്തുചെയ്യണം? പിന്നിട്ട ദിനങ്ങളെ ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു മനോവേദന. അറിവും ആരാധനയും പ്രഭ ചൊരിഞ്ഞ പകലുകള്‍, പകലിനേക്കാള്‍ പ്രകാശമയമുള്ള രാവുകള്‍, എല്ലാ രാവുകളെയും നിഷ്പ്രഭമാക്കുന്ന ഖദ്‌റിന്റെ രാത്രി-രാവുകളുടെ രാജാവ്.
  മനുഷ്യന് ദിശ കാണിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. എല്ലാ അറിവുകളുടെയും വിളനിലം. പുരോഗമന പാഥേയം ചൂണ്ടിക്കാണിച്ച് മുന്നില്‍ നീങ്ങുന്ന വിളക്ക്. ഈ ഗ്രന്ഥത്തിന്റെ അവതരണത്തിന് പാത്രമായ രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍!
  പ്രപഞ്ച നാഥന്‍ കൃത്യമായ മുന്നൊരുക്കവും പ്ലാനിംഗും നടത്തി തന്നെയാണ് ലോകത്തെ നിയന്ത്രിക്കുന്നത്. മുഴുവന്‍ സൃഷ്ടികള്‍ക്കുമുള്ള വാര്‍ഷിക ബജറ്റ് അവന്‍ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ചുമതലയുള്ള മാലാഖമാര്‍ക്ക് ഓരോരുത്തരെക്കുറിച്ചുമുള്ള വിധി തീരുമാനങ്ങള്‍ വേര്‍തിരിച്ചേല്‍പ്പിക്കുന്ന നിര്‍ണായക രാത്രി കൂടിയാണിത്.
  ജിബ്‌രീലി (അ)ന്റെ നേതൃത്വത്തില്‍ വാനലോകത്തുള്ള മലക്കുകള്‍ സംഘമായി ഭൂമിയിലേക്കിറങ്ങി, വിശ്വാസികള്‍ക്കായി പ്രാര്‍ഥന നടത്തുന്ന ഈ രാത്രി പ്രഭാതം വരെ തികച്ചും ശാന്തമായിരിക്കും. പുണ്യം ചെയ്യുന്നവര്‍ക്ക് വന്‍ ഓഫറുള്ള രാത്രിയാണിത്.
  ‘ഖദ്‌റിന്റെ രാത്രിക്ക് ആയിരം മാസങ്ങളേക്കാള്‍ മഹത്വമുണ്ട്’ എന്ന ഖുര്‍ആന്‍ വചനം ഇതാണ് വ്യക്തമാക്കുന്നത്. അഥവാ ഖദ്‌റിന്റെ രാത്രിയില്‍ ഒരാള്‍ ആരാധന നിര്‍വഹിച്ചാല്‍ 83 വര്‍ഷവും നാല് മാസവും ഇബാദത്ത് ചെയ്ത പുണ്യമാണ് ലഭിക്കുന്നത്.
  വിശുദ്ധ റമസാനിലെ അവസാന പത്തിലെ ഒറ്റയിട്ട രാത്രികളിലാണ് ഖദ്‌റിന്റെ രാത്രി ഒളിച്ചിരിക്കുന്നത്. ആകാംക്ഷയോടെ പരിശ്രമിക്കാനാണ് ഇങ്ങനെയൊരു ഒളിമറ വെച്ചിട്ടുള്ളത്. 29ാം രാത്രി വരെ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. മഗ്‌രിബ്, ഇശാഅ്, തറാവീഹ് തുടങ്ങി ഖദ്‌റിന്റെ രാത്രിയിലെ എല്ലാ നിസ്‌കാരങ്ങളും ജമാഅത്തായിത്തന്നെ നിര്‍വഹിക്കുക. ‘അല്ലാഹുമ്മ ഇന്നക്ക അഫുവ്വന്‍…..’ എന്ന ദിക്ര്‍ അധികരിപ്പിക്കുക. സാധ്യമായത്ര ഖുര്‍ആന്‍ ഓതുക, പരമാവധി ഇഅ്തികാഫിരിക്കുക, കരഞ്ഞുകൊണ്ട് പ്രാര്‍ഥിക്കുക. ഒത്തുകിട്ടിയാല്‍ ഒരു പുരുഷായുസ്സിലധികം ആരാധന നിര്‍വഹിച്ച പ്രതിഫലം നേടാം. ആത്മാര്‍ഥമായ ആഗ്രഹവും പരിശ്രമവുമാണ് മുഖ്യം.