Connect with us

Kerala

വിജിലന്‍സ് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കണം : ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സ് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ വിജിലന്‍സ് ആന്റ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോ (വി എ സി ബി) മുന്നിട്ടിറങ്ങണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം.
കേസുകളിലെ കാലതാമസം ഒഴിവാക്കിയാല്‍ അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാം. മുന്‍ഗണനാ ക്രമത്തില്‍ തീര്‍പ്പാക്കേണ്ട കേസുകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുമായി ആലോചിച്ച് അവ വേഗം തീര്‍പ്പാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കാം. വി എ സി ബി നടപ്പാക്കുന്ന “വിജിലന്റ് കേരള” പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി താഴേത്തട്ടില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ “വിജിലന്റ് കേരള” സഹായകരമാകും. ഇത് എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കണം. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക വളര്‍ച്ചക്ക് അഴിമതി തടസം നില്‍ക്കുന്ന സാഹചര്യത്തില്‍ അതിനെ വേരോടെ പിഴുതെറിയണം. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ “വിജിലന്റ് കേരള” ശക്തമായി നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഭരണതലത്തില്‍ അഴിമതി വ്യാപിക്കുന്നത് ആശങ്കാജനകമാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 45 പഞ്ചായത്ത് പ്രസിഡന്റുമാര്‍ തങ്ങളുടെ പഞ്ചായത്തില്‍ പാസാക്കിയ അഴിമതിവിരുദ്ധ പ്രമേയം ഗവര്‍ണര്‍ക്ക് കൈമാറി. മന്ത്രിമാരായ ഡോ. എം കെ മുനീര്‍, വി എസ് ശിവകുമാര്‍, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ പ്രസംഗിച്ചു. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍, എ ഡി ജി പി ഷേഖ് ധര്‍വേശ് സാഹിബ് പങ്കെടുത്തു.