Connect with us

National

മോദിയും ജിന്‍പിംഗും കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ബീജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും വീണ്ടും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം പുതിയ ഉയരത്തിലെത്തിക്കാന്‍ ഇരു രാജ്യവും പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാകിയുര്‍റഹ്മാന്‍ ലഖ്‌വിയുടെ വിചാരണയെച്ചൊല്ലി പാക്കിസ്ഥാനെതിരെ യു എന്‍ നടപടി വരുന്നത് ചൈന തടഞ്ഞതിന് പിറകേയാണ് നേതാക്കളുടെ കൂടിക്കാഴ്ചയെന്നത് പ്രധാനമാണ്. റഷ്യയിലെ ഉഫയില്‍ നടക്കുന്ന ബ്രിക്‌സ്, ഷാംഗ്ഹായി സഹകരണ കൗണ്‍സില്‍ ഉച്ചകോടിയോടനുബന്ധിച്ചാണ് താന്‍ പ്രസിഡന്റ് സി ജിന്‍പിംഗിനെ ഒരിക്കല്‍ കൂടി കണ്ടതെന്നും കൂടിക്കാഴ്ച ഏറെ സമഗ്രമായിരുന്നുവെന്നും ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റായ വീബോയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. മോദിയും സി ജിന്‍പിംഗുമായുള്ള മൂന്ന് ഫോട്ടോകളും സോഷ്യല്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ട്വിറ്ററിന് പകരമായി ചൈനയില്‍ ഉപയോഗിക്കുന്ന വീബോയില്‍ മോദിക്ക് ആയിരക്കണക്കിന് ഫേളോവേഴ്‌സ് ഉണ്ട്. മെയില്‍ ബീജിംഗ് സന്ദര്‍ശിച്ചപ്പോഴാണ് മോദി ഈ സൈറ്റില്‍ അക്കൗണ്ട് തുറന്നത്.
“ഇന്ത്യ-ചൈന ബന്ധവും നിരവധി ആഗോള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം പുതിയ ഉയരത്തിലെത്തിക്കാന്‍ ഞങ്ങള്‍ രണ്ടു പേരും പ്രതിജ്ഞാബദ്ധത രേഖപ്പെടുത്തി”- നരേന്ദ്ര മോദി തന്റെ സന്ദേശത്തില്‍ പറയുന്നു. ബുധനാഴ്ച ഇരു നേതാക്കളും കണ്ടപ്പോള്‍ മോദി, ലഖ്‌വി വിഷയം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനെ ചൈന സഹായിച്ചതില്‍ ഇന്ത്യക്കുള്ള ആശങ്ക അദ്ദേഹം രേഖപ്പെടുത്തി. ഈ വിഷയം ഉദ്യോഗസ്ഥതലത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കണമെന്ന നിലപാടാണ് നേതാക്കള്‍ ഒടുവില്‍ കൈകൊണ്ടത്.
ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തിന് ഇരുരാജ്യങ്ങളും മുന്‍കൈയെടുക്കണമെന്നും അതിര്‍ത്തി തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ കൂടുതല്‍ അവധാനത കൈവരിക്കണമെന്നും ചര്‍ച്ചക്കിടെ സി ജിന്‍പിംഗ് പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ ബ്രസീലിലെ ഫോര്‍ട്ടാലസയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ഇത് നാലാം തവണയാണ് ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത്. 2014ലും ഈ വര്‍ഷവുമായി സിയും മോദിയും ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു.