ഭീഷണി വ്യാജം: ജെറ്റ് എയര്‍വേസ് മസ്‌കത്തില്‍ നിന്ന് ദുബൈയിലേക്ക് തിരിച്ചു

Posted on: July 9, 2015 8:10 pm | Last updated: July 12, 2015 at 12:27 am

jet-airways-airbus-A330-200-fsx2

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ലാന്റ് ചെയ്തു. ആറ് മണക്കൂറോളം നീണ്ട വിശദമായ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് മസ്കത്തില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 9.15ന് വിമാനം ദുബെെയിലേക്ക് തിരിച്ചു.

മുംബൈയില്‍ നിന്ന് ഇന്ന് ഉച്ചക്ക് 12.46ന് പറന്നുയര്‍ന്ന വിമാനത്തിനാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. തുടര്‍ന്ന് എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് ഇന്ത്യന്‍ സമയം 3.50ന് പൈലറ്റ് വിമാനം മസ്‌കത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ച ശേഷം പ്രത്യേക സുരക്ഷാ മേഖലയിലേക്ക് മാറ്റി വിമാനത്തില്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞത്. 54 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

boamb tweetജെറ്റ് എയവെയ്‌സിന്റെ 9W-536 നമ്പര്‍ മുംബൈ- ദുബൈ വിമാനത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ട്വിറ്റര്‍ സന്ദേശമാണ് ഭീതി പരത്തിയത്. ‘ഓപ്പറേഷന്‍ ബാദല’ എന്ന പേരില്‍ പഞ്ചാബ് സ്വദേശിയായ സുരേന്ദര്‍ പ്രതാപ് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സന്ദേശം എത്തിയത്. ഇതിന് തൊട്ട് മുമ്പ് വ്യാപം കേസില്‍ തനിക്ക് പങ്കുണ്ടെന്നും ഇയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മുംബൈ പോലീസ് അന്വേഷിച്ചുവരികയാണ്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. വിശദമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് വിമാനം യാത്ര തുടരുകയും ചെയ്തു.