Connect with us

Thrissur

അകക്കാഴ്ചയുടെ പിന്‍ബലത്തില്‍ ബശീറിന്റെ മത്സ്യ കച്ചവടം

Published

|

Last Updated

ബശീര്‍ മത്സ്യ കച്ചവടത്തിനിടെ

ഇരിങ്ങാലക്കുട: ഊന്നുവടിയൊ, പരസഹായമൊ ഇല്ല. സാധാരണ ജനങ്ങള്‍ സഞ്ചരിക്കുന്ന കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ അകക്കാഴ്ചയുടെ പിന്‍ബലത്തില്‍ ബശീര്‍ ഒരു ദിവസം സഞ്ചരിക്കുന്നത് 20 കീലോമീറ്റര്‍. കാഴ്ചയില്ലാത്ത തന്റെ ഇരുകണ്ണുകളും നല്‍കുന്ന ഇരുട്ടിനെ മാറ്റി നിറുത്തി സ്വന്തമായി സൈക്കിളില്‍ മീന്‍ കച്ചവടം നടത്തി നിത്യ ജീവിതത്തിന്റെ പച്ചപ്പ് തേടുകയാണ് ഇരിങ്ങാലക്കുട നെടുങ്ങാണംകുന്ന് സ്വദേശി ഇരട്ടക്കുളം വീട്ടില്‍ ബശീര്‍.
മുപ്പത്തിയഞ്ചുകാരനായ ബശീറിന്റെ പോക്കുംവരവും കണ്ടാല്‍ ആര്‍ക്കും ഒരു സംശയവും തോന്നില്ല, ഇത് കണ്ണില്ലാത്തവനാണെന്ന്. നിത്യവും ബശീറിന്റെ മീന്‍കൊട്ടയില്‍ നിന്നും മീന്‍വാങ്ങാനെത്തുന്ന മനുഷ്യ സ്‌നേഹികള്‍ക്ക് മുന്നില്‍ തൂക്കം നല്‍കേണ്ട മത്സ്യങ്ങള്‍ക്ക് ഒരു വിധത്തിലുമുള്ള തൂക്കവിത്യാസവുമില്ലാതെ തുലാസില്‍ അളന്ന് നല്‍കും.
ഇപ്പോള്‍ തീരെ കാഴചയില്ലാത്ത ബശീറിന് ആദ്യമെല്ലാം സൈക്കിള്‍ ചവിട്ടിപോകാന്‍ കഴിയുമായിരുന്നു. അന്നാളുകളില്‍ ചെറിയ വെളിച്ചം കണ്ണിന് ഉണ്ടായതായും ഇയാള്‍ പറയുന്നു. നെടുങ്ങാണം കുന്നില്‍ നിന്നും ദിവസവും പുലര്‍ച്ചെ കാരുമാത്ര പാലപ്രനക്കുന്ന് വഴി സൈക്കിള്‍ തള്ളി കോണത്ത്കുന്നിലെത്തും. അവിടെ തന്റെ കൂട്ടുകാരന്‍ എത്തിച്ച് തരുന്ന മത്സ്യം കോണത്ത്കുന്ന്-പുഞ്ചപ്പറമ്പ്- ചിലങ്ക- കണ്ണികുളങ്ങര-തുടങ്ങിയ റോഡുകളിലൂടെ ചുറ്റി ഉച്ചകഴിയുന്നതോടെ നെടുങ്ങാണം കുന്നിലെ വീട്ടിലെത്തും. ഇരുപത് വര്‍ഷമയി ഇയാള്‍ മീന്‍കച്ചവടം തുടങ്ങിയിട്ട്. കച്ചവടത്തിനായി ബശീറിന്റെ പതിഞ്ഞ ശബ്ദത്തോടെയുള്ള വിളി കേള്‍ക്കാന്‍ ആളുകള്‍ കാത്തുനില്‍പ്പുണ്ടാകും.
അകലെയുള്ള വിളി കേട്ടെത്തുന്ന ഓരോരുത്തരെയും ബശീര്‍ പേരെടുത്ത് വിളിക്കും. ഭാര്യയും മൂന്ന് മക്കളുമുള്ള ബശീറിന്റെ രണ്ട് ആണ്‍ മക്കള്‍ക്കും കാഴ്ചയില്ല. സഹോദരി നസീമക്കും കാഴ്ച ശക്തിയില്ല. കാഴ്ചയില്ലാതിരുന്ന പിതാവും സ്വന്തമായി തൊഴില്‍ ചെയ്താണ് ജീവിച്ചിരുന്നത്. തന്റെ രണ്ട് മക്കളും കോഴിക്കോട് കൊളത്തറിയിലുള്ള ബ്ലൈന്‍ഡ് സ്‌കൂളിലാണ് പഠിക്കുന്നത്.
ഭാര്യ റംലക്കും എട്ടാം ക്ലാസുകാരി ഇസ്മത്തിനും കാഴ്ചക്ക് തകരാറില്ല. മീന്‍ വാങ്ങാനെത്തുന്നവര്‍ക്കും ബശീറിനെ പറ്റി പറയാന്‍ നൂറ് നാക്കാണ്. കാഴ്ചയില്ലാത്തവനായ താന്‍ കൊണ്ട് വരുന്ന മീനും പണവും ഇതുവരെ ആരും ചതിച്ചിട്ടെല്ലെന്നും പണം പല രീതിയില്‍ നോക്കിയിട്ടും മനസ്സിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ വാങ്ങാന്‍ വരുന്നവര്‍ തന്നെ മസിലാക്കി കൊടുക്കാറാണ് പതിവെന്നും ബശീര്‍ പറയുന്നു.

Latest