ബാര്‍ കോഴ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു

Posted on: July 9, 2015 9:35 am | Last updated: July 13, 2015 at 9:02 am

niyamasabha

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടപടികള്‍ തടസപ്പെടുത്തിയതോടെയാണ് സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിച്ചത്. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. മാണിക്കെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. തുടര്‍ന്ന് സ്പീക്കറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ചോദ്യോത്തരവേള തടസമില്ലാതെ നീങ്ങി.

തുടര്‍ന്ന് മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. സുരേഷ്‌കുറുപ്പാണ് നോട്ടീസ് നല്‍കിയത്. അടിയന്തരപ്രമേയത്തിന് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേസ് കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഇത്തരം ചര്‍ച്ചകള്‍ കോടതിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. കുറ്റമറ്റ രീതിയിലാണ് കേസ് വിജിലന്‍സ് അന്വേഷിച്ചതെന്നും എല്ലാ ശാസ്ത്രീയ തെളിവെടുപ്പും നടത്തിയാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. ഇതോടെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്നാണ് സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിച്ചത്.