മലബാര്‍ സിമന്റസ് ശശീന്ദ്രന്റേയും മക്കളുടേയും മരണം: പോലീസിനും സി ബി ഐക്കും ലഭിച്ചത് രണ്ട് രീതിയിലുള്ള ഫോറന്‍സിക റിപ്പോര്‍ട്ടുകള്‍

Posted on: July 9, 2015 12:49 am | Last updated: July 9, 2015 at 12:49 am

Malabar-cement
പാലക്കാട്: മലബാര്‍ സിമന്റ്‌സ് കമ്പനി മുന്‍ സെക്രട്ടറി ശശീന്ദ്രന്റേയും മക്കളുടേയും മരണം അന്വേഷിച്ച പോലീസിനും സി ബി —ഐക്കും ലഭിച്ചത് രണ്ട് തരത്തിലുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍. ജില്ലാ പോലീസ് സര്‍ജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലുമാണ് വൈരുധ്യങ്ങളുള്ളത്. ശശീന്ദ്രന്റേത് സ്വാഭാവിക തൂങ്ങി മരണമാണെന്നാണ് ജില്ലാ പോലീസ് സര്‍ജനായിരുന്ന ഡോ. പി —ബി ഗുജ്‌റാളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശശീന്ദ്രന്‍ കുട്ടികളെ പോക്കിയെടുത്ത് കുരുക്കില്‍ ബന്ധിച്ചെന്നും അവസാനം സ്വയം കുരുക്ക് മുറുക്കിയെന്നുമാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പരിഗണിക്കാതെ തന്നെ അന്തിമ വിശകലനത്തിനായി സി—ബി ഐ ഡല്‍ഹി സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് ഡയറക്ടറും കെമിക്കല്‍ എക്‌സാമിനറുമായ ഡോ. രജീന്ദര്‍ സിംഗിന്റെ റിപ്പോര്‍ട്ട് ഈ നിഗമനം പൂര്‍ണമായും നിരാകരിക്കുന്നതാണ്. ശശീന്ദ്രന് തനിച്ച് ഇത്രയും മനുഷ്യാധ്വാനം ആവശ്യമുള്ള കൃത്യം ചെയ്യാനാകില്ലെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മെലിഞ്ഞ ശരീരപ്രകൃതിയുള്ളയാളായിരുന്നു ശശീന്ദ്രന്‍. കുട്ടികള്‍ക്ക് 135 സെന്റിമീറ്ററും 124 സെന്റീമീറ്ററും വീതം പൊക്കമുണ്ടായിരുന്നു. അതിനൊത്ത ശരീര’ഭാരവും. മൃതദേഹം കണ്ടെത്തുമ്പോള്‍ നാലടിയിലേറെ നിലത്തുനിന്നും ഉയര്‍ന്ന നിലയിലായിരുന്നു ഇവ. സമീപത്തായി ഏണിയും കണ്ടെത്തി. ശശീന്ദ്രന് തനിച്ച് നാലടി ഉയരമുള്ള ഗോവണിയില്‍ കയറി നിന്ന് 30 കിലോക്കും 35 കിലോക്കും ഇടക്ക് തൂക്കമുള്ള എട്ടും പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളെ കയറില്‍ കെട്ടിത്തൂക്കാനാവില്ല.—— ഉയരം കുറവുള്ള കുട്ടികള്‍ക്ക് ഏണിയില്‍ കയറി നിന്ന് സ്വയം കുരുക്ക് മുറുക്കാനുമാകില്ല. ഇതിന് പുറമെ ശരീരത്തിന് പുറത്തുനിന്ന് കണ്ടെത്തിയ മുറിവുകളും ആന്തരാവയവ പരിശോധനകളും ശശീന്ദ്രന്റെയും മക്കളുടെയും അസ്വാഭാവിക മരണമാണെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നതായി ഡോ. രജീന്ദര്‍ സിംഗിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഒമ്പത് മുറിവുകളാണ് മൃതദേഹം കണ്ടെത്തുമ്പോള്‍ ശശീന്ദ്രന്റെ ശരീരത്തിലുണ്ടായിരുന്നത്. ആത്മഹത്യ ചെയ്യുമ്പോള്‍ മരണവെപ്രാളത്തില്‍ സൃഷ്ടിക്കപ്പെടുന്ന മുറിവുകളില്‍ നിന്നും വ്യത്യസ്തമാണ് ഇവ. കൈമുട്ട്, കാല്‍പാദം, കാല്‍മുട്ട്, തോള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മുറിവുണ്ടായിരിക്കുന്നത്. എന്നാല്‍ ഈ വൈരുദ്ധ്യങ്ങളൊന്നും കുറ്റപത്രം തയ്യാറാക്കുമ്പോള്‍ സി ——ബി —ഐ പരിണിച്ചിട്ടില്ലെന്ന് ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി സനല്‍കുമാര്‍ പറഞ്ഞു. കേസ് നിലനില്‍ക്കാതിരിക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ തന്നെ കാരണമാണ്. പ്രതികളെ രക്ഷപ്പെടുത്താന്‍ സൃഷ്ടിക്കപ്പെട്ടതാണ് ഈ വൈരുധ്യങ്ങളെന്നും സനല്‍കുമാര്‍ ആരോപിച്ചു. ഹൈക്കോടതിയില്‍ ഈ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടി സനല്‍കുമാര്‍ അടുത്തദിവസം ഹരജി നല്‍കും. ശശീന്ദ്രന്‍ കുട്ടികളെ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്‌തെന്നാണ് സി——ബി——ഐ. സി ജെ ——എം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. പ്രേരണാക്കുറ്റത്തിന് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെ പ്രതിയാക്കിയിട്ടുണ്ട്. ദേഹത്തുണ്ടായ മുറിവുകള്‍ ഏണി ഉരഞ്ഞുണ്ടായതാണെന്നും മക്കളെ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നും സി ——ബി ——ഐ പറയുന്നു. വസ്തുതകള്‍ കാണാതെയാണ് സി——ബി——ഐ കുറ്റപത്രം തയ്യാറാക്കിയതെന്ന് കേസില്‍ ഹരജി നല്‍കിയ ജോയ് കൈതാരം പറഞ്ഞു.