Connect with us

Editorial

ഞെട്ടലുളവാക്കുന്ന 'വ്യാപ'ക മരണങ്ങള്‍

Published

|

Last Updated

ഒടുവില്‍ വ്യാപം കുംഭകോണത്തെക്കുറിച്ചു സി ബി ഐ അന്വേഷണത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നു. സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടുമെന്ന് ചൊവ്വാഴ്ച അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ടവര്‍ തുടരെത്തുടരെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ഇതു സംബന്ധിച്ചു ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന അന്വേഷണം തൃപ്തികരമാണെന്നും കേന്ദ്ര ഏജന്‍സി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു ശിവരാജ് സിഗ് ചൗഹാനും ബി ജെ പി നേതൃത്വവും.
ഇപ്പോള്‍ പൊടുന്നനെ നിലപാട് മാറ്റി സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തിലുപരി ബി ജെ പി നേതൃത്വത്തില്‍ ഇതു സംബന്ധിച്ചു ഉയര്‍ന്ന ഭിന്നതയാണ് പ്രേരകമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കേന്ദ്രമന്ത്രി ഉമാഭാരതി, മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ തുടങ്ങിയവര്‍ ചൗഹാനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. കുംഭകോണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്നും കേസില്‍ മുഖ്യമന്ത്രി ചൗഹാന്റെ പങ്കും അന്വേഷിക്കണമെന്നുമായിരുന്നു ഉമാഭാരതിയുടെ പ്രസ്താവം. വ്യാപം അഴിമതിയും മരണവും സംസ്ഥാനത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും അഴിമതിയില്‍ പങ്ക് ആരോപിക്കപ്പെട്ട ഗവര്‍ണര്‍ രാം നരേഷ് യാദവിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന മുഖ്യമന്ത്രിയുടെ തീരുമാനം തന്നോട് ആലോചിക്കാതെയായിരുന്നെന്നുമായിരുന്നു ബാബുലാല്‍ ഗൗറിന്റെ കുറ്റപ്പെടുത്തല്‍. ആര്‍ എസ് എസ് നേതാവ് ഗോവിന്ദാചാര്യയും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തുവന്നു. ഈ ഘട്ടത്തില്‍ സി ബി ഐക്ക് വിടുകയല്ലാതെ ചൗഹാന്റെ മുമ്പില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു
മധ്യപ്രദേശിലെ സര്‍ക്കാര്‍ തസ്തികകളില്‍ അനര്‍ഹര്‍ക്ക് ജോലി തരപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി. 2007 മുതല്‍ 2013 വരെയുള്ള കാലയളവിലായി സംസ്ഥാനത്ത് ഏതാണ്ട് 1,40,000 പേര്‍ വിവിധ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനര്‍ഹമായി പ്രവേശം നേടി. യഥാര്‍ഥ വിദ്യാര്‍ഥികള്‍ക്ക് പകരം മിടുക്കരെ കൊണ്ട് പരീക്ഷ എഴുതിപ്പിക്കല്‍, ഉത്തരക്കടലാസുകള്‍ മാറ്റി പകരം ശരി ഉത്തരം മാത്രം എഴുത്തിയ ഉത്തരക്കടലാസുകള്‍ വെക്കല്‍, കോപ്പിയടിക്കാന്‍ അവസരം നല്‍കല്‍ തുടങ്ങിയ വക്രമായ മാര്‍ഗങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയത്. മെഡിക്കല്‍ പ്രവേശന പരീക്ഷക്കിരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഡോക്ടര്‍മാര്‍ വരെ പരീക്ഷ എഴുതിക്കൊടുത്തു. ഇതിന് പിന്നില്‍ നടന്ന കോടികളുടെ അഴിമതിയില്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍, കേന്ദ്രമന്ത്രി നരേന്ദ്ര സിഗ് തോമര്‍, ബി ജെ പി നേതാവും മധ്യപ്രദേശ് ഗവര്‍ണറുമായ രാം നരേശ് യാദവ്, മകന്‍ ശൈലേശ് യാദവ് തുടങ്ങി ബി ജെ പിയിലെ പ്രമുഖരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരു സമഗ്ര അന്വേഷണത്തിന് കേന്ദ്ര നേതൃത്വവും സംസ്ഥാന സര്‍ക്കാറും വിമുഖത കാണിച്ചതും ഇതുകൊണ്ടാണ്.
അഴിമതിയെക്കുറിച്ച് അന്വേഷിച്ച പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡീനുമാര്‍, റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍, പ്രധാന സാക്ഷികള്‍, അന്വേഷണ സംഘത്തെ സഹായിച്ചവര്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ടവരുടെ തുടരെത്തുടരെയുള്ള മരണങ്ങളാണ് വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിക്കാനിടയാക്കിയത്. അഴിമതിക്കേസിലെ സാക്ഷിയായ നമ്രത ദാമോദര്‍, അദ്ദേഹത്തിന്റെ സംശയാസ്പദമായ മരണത്തിന്റെ ചുരുളുകളഴിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആജ്തക് ലേഖകന്‍ അക്ഷയ് സിംഗ്, അന്വേഷണ സംഘത്തെ സഹായിച്ച ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. അരുണ്‍ ശര്‍മ തുടങ്ങി 47 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. ഈ മൂന്ന് മരണങ്ങളും യക്ഷിക്കഥകളെ അനുസ്മരിപ്പിക്കുംവിധം 48 മണിക്കൂറിനകമാണ് നടന്നതെന്നത് കൂടുതല്‍ ഞെട്ടലുളവാക്കുന്നു. അന്വേഷണം ഉന്നതരിലേക്കെത്താതിരിക്കാന്‍ അഴിമതിക്കേസിലെ പ്രമുഖ കണ്ണികള്‍ ആസൂത്രണം ചെയ്തതാണ് ഈ മരണങ്ങളെന്നും ഇവരുടെ ഭക്ഷണത്തില്‍ അതീവരഹസ്യമായി മാരക വിഷം കലര്‍ത്തപ്പെട്ടിരുന്നുവെന്നുമാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥരിലും സാക്ഷികളിലും അവശേഷിക്കുന്നവര്‍ ഇപ്പോള്‍ കടുത്ത ഭീതിയിലാണ്.
പ്രമുഖരും സര്‍ക്കാറില്‍ പിടിപാടുള്ളവരും ഉള്‍പ്പെട്ട കേസിലെ സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥരും അക്രമിക്കപ്പെടുന്നതും ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നതും ഇതാദ്യമല്ല. ആസാറാം ബാപ്പുവിന്റേതുള്‍പ്പെടെ മുമ്പും ചില കേസുകളില്‍ ഇത് സംഭവിച്ചിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവരുടെ ഒത്താശയോടെയാണ് ഇതെല്ലാം അരങ്ങേറുന്നത്. ഇത്തരം ഭരണകൂട ഭീകരതക്കും ഉന്നതരുടെ കാര്യത്തില്‍ നിയമത്തെ നോക്കുകുത്തിയാക്കുന്ന പ്രവണതക്കും അറുതി വരണമെങ്കില്‍ വ്യാപം അഴിമതിക്കേസ് മരണങ്ങളെക്കുറിച്ച് സമഗ്രവും സത്യസന്ധവുമായ അന്വേഷണം ആവശ്യമാണ്.

---- facebook comment plugin here -----

Latest