നിലവിളക്ക് കൊളുത്തുമ്പോള്‍ പൊട്ടുന്ന കുഴിബോംബുകള്‍

Posted on: July 9, 2015 6:00 am | Last updated: July 8, 2015 at 11:39 pm

35_02_06_15_P_Parameswaran_H@@IGHT_230_W@@IDTH_310 copy
മന്ത്രി റബ്ബ് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതിനെതിരായ കലാപം ദിനം തോറും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എസ് എസ് എല്‍ സി ഫലപ്പിഴവുകളും വി സി മറിമായങ്ങളും പാഠപുസ്തകം വൈകലും തുടങ്ങി വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചകള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്യുകയും പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നതിനു പകരം; മന്ത്രിക്കെതിരായ വര്‍ഗീയവികാരം പ്രബലപ്പെടുത്താനാണ് പലരും പരിശ്രമിക്കുന്നത്. പി പരമേശ്വരനെപ്പോലുള്ള പുനരുത്ഥാന വാദികളാണ് നിലവിളക്ക് കൊളുത്താതിരുന്നാല്‍ കേരളത്തനിമ തകര്‍ന്നുപോകും എന്ന് മുമ്പ് വാദിച്ചിരുന്നതെങ്കില്‍, ഇപ്പോഴപ്രകാരം വാദിക്കുന്നത് മമ്മൂട്ടിയെ പോലുള്ള ജനപ്രിയ താരങ്ങളാണ്! കുറേ വര്‍ഷം മുമ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി ഇതുപോലെ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചപ്പോഴും വിവാദമുയര്‍ന്നു വരികയുണ്ടായി. അക്കാലത്ത് ഇ എം എസ് അതിനെ സംബന്ധിച്ച് തന്റെ സുനിശ്ചിതമായ അഭിപ്രായം ഇപ്രകാരം രേഖപ്പെടുത്തി: ‘ഏത് ചടങ്ങ് നടത്തുമ്പോഴും – സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ കല്ലിടല്‍, ഉദ്ഘാടനം മുതലായവ സംഘടിപ്പിക്കുമ്പോള്‍ – മതസ്വഭാവമുള്ള ഒരു പരിപാടിയും ഉണ്ടായിക്കൂടാ. ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി വിളക്കു കത്തിക്കുക എന്ന നടപടിയില്‍ താന്‍ പങ്കുകൊള്ളുകയില്ലെന്ന പരസ്യ നിലപാടെടുത്ത ലീഗ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സമീപനം ഇനി മറ്റു മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അംഗീകരിക്കേണ്ടി വരും’.
നിസ്സാരമെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന കാര്യങ്ങളെപ്പോലും ഉദാസീനമായി സമീപിക്കുന്നത് പരോക്ഷമായി പിന്തിരിപ്പന്‍ ആശയത്തെ സഹായിക്കുന്നതില്‍ ചെന്നെത്തും എന്ന കെ ഇ എന്നിന്റെ ഓര്‍മ്മപ്പെടുത്തല്‍ എല്ലാവരും അവഗണിച്ചതു പോലെയാണ് കാര്യങ്ങളുടെ പോക്ക്. എല്ലാ ആളുകളെക്കൊണ്ടും ഭസ്മം തൊടുവിക്കുകയും തുളസിത്തറ വലം വെപ്പിക്കുകയും രാമനാമം ജപിപ്പിക്കുകയുമല്ല ദേശീയോദ്ഗ്രഥനം എന്ന് തായാട്ട് ശങ്കരന്‍ പറഞ്ഞതും നാം മറന്നുപോയി. സൈബര്‍ പോരാളിയും കലാ നിരൂപകനുമായ ശ്രീചിത്രന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിയ പ്രകാരത്തിലാണ് കാര്യങ്ങളെന്നു തോന്നുന്നു. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ മൃദു സംഘികളും മൃദു സംഘികള്‍ കോര്‍ സംഘികളും കോര്‍ സംഘികള്‍ പിശാചുക്കളുമായി മാറുന്ന വിചിത്ര കാലം!
എന്താണ് മതേതരത്വം അഥവാ മതനിരപേക്ഷത അഥവാ സെക്കുലാറിസം എന്നത് നാം തെറ്റായി വ്യാഖ്യാനിച്ച് നിര്‍വൃതിയടയുകയാണെന്നു തോന്നുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ കൂടുതല്‍ അവകാശങ്ങളും സൗകര്യങ്ങളും അനുഭവിക്കുന്നവര്‍, തങ്ങളോട് തന്നെ നടത്തേണ്ട നിര്‍ദയമായ സമരമാണ് മതേതരത്വം എന്നാണ് ലൂയി അല്‍ത്തൂസര്‍ നിര്‍വചിക്കുന്നത്. ഓരോ രാഷ്ട്രത്തിലെയും ഭൂരിപക്ഷത്തിന്റെ ദയാദാക്ഷീണ്യത്തില്‍ ന്യൂനപക്ഷം ജീവിക്കുമ്പോഴല്ല, മറിച്ച് ന്യൂനപക്ഷം നിര്‍ഭയരായി ജീവിക്കുമ്പോഴാണ് മതേതരത്വം ഒരു സത്യമാവുന്നത് എന്നും അദ്ദേഹം വിശദീകരിക്കുന്നു.
എ കെ ജിയുടെ നേതൃത്വത്തില്‍ മുമ്പ് കേരളത്തില്‍ നടന്ന കര്‍ഷക ജാഥയെ നിലവിളക്കും നിറപറയും വെച്ചായിരുന്നു കര്‍ഷകര്‍ എതിരേറ്റത്. പൊന്നാനിയില്‍ അല്ലാഹു അക്ബറും ഇങ്ക്വിലാബും ഒന്നിച്ചു വിളിച്ചായിരുന്നു കെ ദാമോദരന്റെ നേതൃത്വത്തില്‍ മുസ്‌ലിം ബീഡി ത്തൊഴിലാളികള്‍ മുസ്‌ലിം ബീഡി മുതലാളിമാരെ മുമ്പ് പോരിന് വിളിച്ചത്. നിലവിളക്കും അല്ലാഹു അക്ബറും അന്നവിടെ നിര്‍വഹിച്ച അതേ രാഷ്ട്രീയ ദൗത്യം എന്നും അതേ തോതില്‍ എല്ലായിടത്തും നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല എന്നും കെ ഇ എന്‍ വ്യാഖ്യാനിക്കുന്നു.
ഇടതുപക്ഷം നിരന്തരം നടത്തുന്ന മതേതരമായ ഇടപെടലുകളാണ് കേരളത്തില്‍ ഫാസിസ്റ്റു ശക്തികളെ രാഷ്ട്രീയമായി തളര്‍ത്തിയിരുന്നത്. അതേ സമയം തന്നെ ഫാസിസ്റ്റുകള്‍ക്ക് സ്വന്തം രാഷ്ട്രീയ ശക്തിയെക്കാള്‍ കവിഞ്ഞ തോതിലുള്ള സാംസ്‌കാരിക സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്തിരുന്നു. ഈ സാംസ്‌കാരിക സ്വാധീനം ഇപ്പോള്‍ രാഷ്ട്രീയ സ്വാധീനമായി വളര്‍ന്നുകൊണ്ടിരിക്കുകയും അത് ഉറപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുകയാണ് എന്ന ഭീഷണ യാഥാര്‍ഥ്യത്തിന്റെ നെരിപ്പോടിനു മുകളില്‍ നിന്നാണ് നാം സാംസ്‌കാരിക വര്‍ത്തമാനം പറയുന്നതെന്ന് എന്തിനാണ് മറന്നു പോകുന്നത്?
ഏതെങ്കിലും ക്ഷേത്രത്തിലോ പള്ളിയിലോ ചര്‍ച്ചിലോ നിലവിളക്ക് കത്തിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചോര്‍ത്തല്ല മതേതരവാദികള്‍ വ്യാകുലരാകേണ്ടത്. മറിച്ച്, പൊതുവേദികളെ പ്രത്യേകിച്ച് മതേതരമെന്ന് സ്വയം പ്രഖ്യാപിച്ചുകഴിഞ്ഞ ഒരു ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഒത്തുചേരലുകളില്‍ ചടങ്ങുകളില്‍ നിലവിളക്ക് എപ്പോഴും നിറഞ്ഞു കത്തണമെന്ന് ആരാണ് ഉത്തരവിറക്കിയത് എന്നൊരു ചോദ്യമാണ് ഇന്ന് അവര്‍ ഉയര്‍ത്തേണ്ടത്. മതനിരപേക്ഷത എന്നത് സവര്‍ണമൂല്യങ്ങള്‍ക്കു മുമ്പിലുള്ള സാഷ്ടാംഗ പ്രണാമമല്ല എന്ന് അവര്‍ തിരിച്ചറിയണം.
പ്രാഥമികാര്‍ഥത്തിനുമപ്പുറത്തുള്ള ഒരു രണ്ടാം അര്‍ഥം അല്ലെങ്കില്‍ രണ്ടാം പ്രയോജനം; സാംസ്‌ക്കാരികം എന്നു വിവക്ഷിക്കപ്പെടുന്ന നിലവിളക്ക് പോലുള്ള സൂചകങ്ങള്‍ക്ക് ഉള്ളിലും പുറകിലും ചുറ്റിലുമായുള്ളതായി കാണാം. എന്തിനാണ് നിലവിളക്ക് പ്രാഥമികമായി കത്തിക്കുന്നത്. വെളിച്ചം ലഭിക്കാന്‍ എന്ന് ഉത്തരം പറയാം. അപ്പോള്‍, അക്കാലത്തുള്ളതോ പിന്നീട് രൂപപ്പെട്ടതോ ആയ വിളക്കുകളേക്കാളും നിലവിളക്കിന് എന്താണ് പ്രാമാണികത, സൗന്ദര്യം, ഔന്നത്യം എന്ന് അന്വേഷിക്കേണ്ടതായി വരും. മണ്ണെണ്ണ വിളക്കുകളേക്കാളും കമ്പിറാന്തലുകളേക്കാളും ചൂട്ടുകളേക്കാളും ബള്‍ബുകളേക്കാളും എല്ലാം അപ്പുറം നിലവിളക്ക് സൗന്ദര്യത്തിന്റെ, പ്രാര്‍ഥനയുടെ എല്ലാം പ്രതീകമായും ലക്ഷണമായും വിളങ്ങുന്നു. ആര്‍ക്ക് ലൈറ്റുകളും മറ്റും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ പ്രഭാപൂരിതമായിക്കഴിഞ്ഞ വേദികളിലാണ് നിലവിളക്കും കൊളുത്താറുള്ളത്. ഇരുളടഞ്ഞ ഏതെങ്കിലും വേദികളില്‍ വെളിച്ചം ലഭിക്കാനായി നിലവിളക്ക് കൊളുത്തുന്നത് കാണാറില്ല. എന്താ, നിലവിളക്കിന് പ്രകാശം പരത്താനാവില്ലേ. അപ്പോള്‍ അതല്ല കാര്യം. അതിലെന്തോ സൗന്ദര്യഘടകം അഥവാ പവിത്ര വിശുദ്ധി ഉള്ളടങ്ങിയതായി പൊതുവില്‍ വിശ്വസിക്കപ്പെടുന്നു. ഈ പൊതുവിശ്വാസം സവര്‍ണ ഹിന്ദു-ജാതി സംസ്‌കാരത്തിന്റെ അവിഭാജ്യ ഭാഗമായുള്ള പ്രാര്‍ഥനാരീതികളില്‍ നിന്നാണ് ഉദയം ചെയ്തിട്ടുള്ളതെന്ന് കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും ആവശ്യമില്ല. ഹിന്ദു മതത്തിന്റെ ഭാഗമായി സാമാന്യമായി കരുതപ്പെടുന്ന മറ്റു പിന്നോക്കക്കാരും ദളിതരും ആദിവാസികളും മുന്‍ കാലങ്ങളില്‍ ആരാധനക്കായി നിലവിളക്ക് ഉപയോഗിച്ചിരുന്നതായി കരുതാനാകില്ല. ക്രിസ്ത്യാനികളും മുസ്‌ലിംകളുമടക്കമുള്ള മറ്റു മതസ്ഥരുടെയും കാര്യം സമാനമാണ്. ചില ക്രിസ്ത്യന്‍ പള്ളികളില്‍ നിലവിളക്ക് കൊളുത്തുന്നുണ്ടെന്നത് വാസ്തവമാണ്. കൊണ്ടോട്ടിയിലെ മുസ്‌ലിം പള്ളിയില്‍ നിലവിളക്ക് ഉണ്ടെന്നും കേട്ടുകേള്‍വിയുണ്ട്. അതും, അതാതു കാലത്ത് കേരളത്തില്‍ മേല്‍ക്കൈയുണ്ടായിരുന്ന സവര്‍ണഹിന്ദു ആരാധനാരീതിയെ അനുകരിച്ചാല്‍ തങ്ങളുദ്ദേശിക്കുന്ന മതപ്രചാരണം എളുപ്പമാകും എന്ന ആലോചനയുടെ ഭാഗമായി തുടങ്ങിയതാവാനാണ് സാധ്യത.
ആധുനികവും യന്ത്രസഹായമില്ലാത്തതും വൈദ്യുതി പ്രവഹിക്കപ്പെടാത്തതുമായ വിളക്കുകളുടെ കാലത്തായിരിക്കുമല്ലോ നിലവിളക്കും കണ്ടുപിടിക്കപ്പെട്ട് പ്രചാരത്തിലായിട്ടുണ്ടാകുക. ഏതാണ്ടക്കാലത്തോ അതിനടുത്ത കാലത്തോ പ്രചാരത്തിലായ കമ്പിറാന്തല്‍ എന്ന വിളക്ക് നമ്മുടെ ഓര്‍മയില്‍, സംബന്ധം എന്ന അക്കാലത്തു നിലവിലുണ്ടായിരുന്ന സ്ത്രീ-പുരുഷ ബന്ധവുമായി ചേര്‍ത്താണ് നാം ഓര്‍മിക്കാറുള്ളത്.
നിലവിളക്കു കൊളുത്തല്‍ വിവാദത്തെ സംബന്ധിച്ച് ഏറ്റവും സന്തുലിതമായ ഒരു നിലപാടാണ് കോണ്‍ഗ്രസ് എം എല്‍ എയായ വി ടി ബല്‍റാമിന്റേത്. അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയതിപ്രകാരമാണ്: ഞാന്‍ പല ചടങ്ങുകളിലും നിലവിളക്ക് കൊളുത്താറുണ്ട്. എന്നാല്‍ അത് ആരാധനയുടെ ഭാഗമായി ഭക്തിപൂര്‍വം ചെയ്യാറില്ല. അതുകൊണ്ടു തന്നെ വിശ്വാസികള്‍ ചെയ്യുന്നതു പോലെ ചെരുപ്പഴിച്ചിട്ടോ രണ്ട് കൈയും കൂട്ടിപ്പിടിച്ചോ ഒന്നുമല്ല ഞാന്‍ വിളക്ക് കൊളുത്താറുള്ളത്. ഒറ്റക്കൈ ഉപയോഗിച്ചാണ് പൊതുവേ വിളക്ക് കൊളുത്താറുള്ളത്. കിഴക്കോ പടിഞ്ഞാറോ എന്നൊന്നും പ്രത്യേകിച്ച് നോക്കാതെ സൗകര്യപ്രദമായ ഒരു തിരി കൊളുത്തും. അത്ര തന്നെ. എന്നെ സംബന്ധിച്ച് റിബണ്‍ മുറിച്ചോ ഫലകം അനാവരണം ചെയ്‌തോ ഉദ്ഘാടനം ചെയ്യുന്നത് പോലെയുള്ള നിര്‍മമതയോടെയാണ് നിലവിളക്ക് കൊളുത്തിയുള്ള ഉദ്ഘാടനങ്ങളും നിര്‍വഹിച്ചു പോരുന്നത്. ഒരു ചടങ്ങ് എന്ന നിലയില്‍ നിലവിളക്ക് കൊളുത്തുന്നതിനെ സ്വീകരിക്കാറുണ്ടെങ്കിലും നിലവിളക്കില്ലെങ്കില്‍ ഉദ്ഘാടനമാവില്ല എന്ന തെറ്റിദ്ധാരണയില്ല. അതിനേക്കാള്‍ ഉചിതമായ പ്രതീകാത്മക മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ അതിനാണ് മുന്‍ഗണന നല്‍കാറുള്ളത്. ഉദാഹരണമായി എന്റെ മണ്ഡലത്തിലെ ഒരു കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത് ഒരു ചെടിക്ക് വെള്ളമൊഴിച്ചു കൊണ്ടും സര്‍ക്കാര്‍ കോളജിന്റെ ഉദ്ഘാടനം വലിയൊരു പുസ്തകത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയുമാണ് നിര്‍വഹിച്ചത്. എന്നാല്‍ സ്വന്തമായ വിശ്വാസപരമോ അല്ലാത്തതോ ആയ കാരണങ്ങളാല്‍ ഇത്തരം ആചാരങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള സ്വാതന്ത്ര്യം ഏതൊരു പൗരനുമുണ്ട്. അത്തരം കാരണങ്ങള്‍ മതപരം ആവണമെന്നു പോലുമില്ല. തികച്ചും വ്യക്തിപരവും ആകാം. അതുകൊണ്ടു തന്നെ നിലവിളക്ക് കൊളുത്തുന്നതില്‍ മതവിരുദ്ധമായിട്ടൊന്നുമില്ല എന്ന, അതേ മതത്തില്‍ പെട്ടതോ വേറെ മതത്തില്‍ പെട്ടതോ ആയ മറ്റുള്ളവരുടെ വാദങ്ങള്‍ക്ക് ഒരു പ്രസക്തിയുമില്ല. മന്ത്രിക്കാണെങ്കില്‍ പോലും സ്വന്തം ഔദ്യോഗിക കൃത്യനിര്‍വഹണവുമായി നേരിട്ട് ബന്ധമില്ലാത്ത ഏതൊരു കാര്യത്തില്‍ നിന്നും സ്വയം ഒഴിഞ്ഞുനില്‍ക്കാന്‍ മറ്റാരോടും കാരണം ബോധിപ്പിക്കേണ്ട കാര്യമില്ല. നിലവിളക്ക് കൊളുത്താന്‍ വിമുഖതയുള്ള മന്ത്രിമാര്‍ തങ്ങളുടെ പരിപാടികളില്‍ നിലവിളക്ക് പാടില്ല എന്ന നിര്‍ബന്ധം സ്വന്തം അധികാരമുപയോഗിച്ച് സംഘാടകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാത്തിടത്തോളം ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ഉയര്‍ന്നുവരുന്നതു തന്നെ അര്‍ഥശൂന്യമാണ്. ശാസ്ത്രാഭിമുഖ്യം വളര്‍ത്തേണ്ടത് മൗലിക കര്‍ത്തവ്യമായി നിഷ്‌കര്‍ഷിക്കുന്ന ഒരു ഭരണഘടനയുള്ള നമ്മുടെ നാട്ടില്‍ ഒരു പൊതുപരിപാടിയില്‍ നിലവിളക്ക് കൊളുത്തേണ്ടതിന്റെ അനിവാര്യതയും അത് ചെയ്തില്ലെങ്കിലുള്ള അപകടവും യുക്തിസഹമായി വിശദീകരിക്കേണ്ടത് നിലവിളക്കു വാദികളുടെ ഉത്തരവാദിത്വമാണ്. അല്ലാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ മാന്യമായി അതില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്നവരുടേതല്ല. നിലവിളക്ക് കൊളുത്തുന്നത് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭാരതീയാചാരമാണെന്ന അഭിപ്രായവും ചരിത്രപരമായി നോക്കുമ്പോള്‍ അര്‍ഥശൂന്യമാണ്. കേരളത്തില്‍ കാണുന്നതു പോലുള്ള നിലവിളക്ക് ഭാരതത്തിന്റെ ഇതര ഭാഗങ്ങളില്‍ ഇല്ല എന്നാണറിവ്. കേരളത്തില്‍ തന്നെ നിലവിളക്കിന് ഇന്നത്തെപ്പോലുള്ള സ്വീകാര്യത ലഭിച്ചിട്ട് അധികകാലമൊന്നുമായിട്ടില്ല. ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പു വരെ ഇവിടത്തെ സവര്‍ണ സമുദായങ്ങള്‍ മാത്രം ഉപയോഗിച്ചിരുന്നതാണ് നിലവിളക്ക്. അവര്‍ണര്‍ക്കും ദളിതര്‍ക്കും അതിനുള്ള അവകാശം ജാതിമേല്‍ക്കോയ്മ കൊടികുത്തിവാണ ഈ സമൂഹം പൊതുവില്‍ അനുവദിച്ചിരുന്നില്ല. സവര്‍ണബിംബങ്ങളും പ്രതീകങ്ങളും മാത്രം നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി പൊതു സ്വീകാര്യത നേടിയതും മറ്റുള്ളവരുടെ തനത് സാംസ്‌കാരിക വൈവിധ്യങ്ങള്‍ അധമമോ അപരിഷ്‌കൃതമോ ആയി തിരസ്‌കരിക്കപ്പെട്ടതും ഒരു തരം സാംസ്‌ക്കാരികാധിനിവേശത്തിന്റെ ഭാഗമായാണ്. അങ്ങനെയാണ് കസവുമുണ്ടും ചന്ദനക്കുറിയും തുളസിപ്പൂവുമൊക്കെപ്പോലെ നിലവിളക്കും കേരളീയതയുടെ പ്രതീകമായത്.
കക്ഷി രാഷ്ട്രീയത്തിലെ മുഖ്യ വലതുപക്ഷ എതിരിടത്തെ തോല്‍പ്പിക്കാന്‍ വേണ്ടിയാണോ അതോ തങ്ങളുടെ തന്നെ വിധേയത്വബോധങ്ങള്‍ കൊണ്ടാണോ എന്നറിയില്ല, നിലവിളക്ക് കൊളുത്തിക്കും എന്ന മൃദുഹിന്ദുത്വ തീര്‍പ്പ് കേരളത്തെ വിഴുങ്ങാന്‍ ഓങ്ങിനില്‍ക്കുന്ന ഫാസിസ്റ്റ് ഭൂതത്തിന്റെ കടന്നുവരവിനായുള്ള കുഴിബോംബ് പൊട്ടിക്കലിലേക്കാണ് തിരി നീട്ടുക എന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും.