കോഴിക്കോട് സ്‌കൂള്‍ മുറ്റത്തെ തെങ്ങ് വീണ് വിദ്യാര്‍ഥി മരിച്ചു

Posted on: July 8, 2015 3:23 pm | Last updated: July 9, 2015 at 12:00 pm
SHARE

kozhikode mapകോഴിക്കോട്: സ്‌കൂള്‍ മുറ്റത്ത് കളിച്ച്‌കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് തെങ്ങ് വീണ് ഒരു വിദ്യാര്‍ഥി മരിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മീഞ്ചന്ത ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് ബി ഡിവിഷനിലെ സജില്‍ അഹമ്മദ് (10) ആണ് മരിച്ചത്. അരക്കിണര്‍ പുനത്തില്‍ വീട്ടില്‍ ഖലീല്‍ അഹമ്മദിന്റെ മകനാണ്. ഇതേ ക്ലാസിലെ വിദ്യാര്‍ഥി കല്ലായി പന്നിയങ്കര പ്രഭാനിവാസില്‍ ദീപേന്ദ്രന്റെ മകന്‍ യു എന്‍ ദീക്ഷിതിനും ഏഴാം ക്ലാസ് വിദ്യാര്‍ഥി അനൂപിനുമാണ് പരുക്കേറ്റത്. ഇതില്‍ ഗുരുതര പരുക്കേറ്റ ദീക്ഷിത് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിന് നിസ്സാര പരുക്കേറ്റ അനൂപിനെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. സംഭവം നേരിട്ടുകണ്ട നാല് വിദ്യാര്‍ഥികള്‍ക്ക് ബോധക്ഷയമുണ്ടായി.
ഇന്നലെ ഉച്ചക്ക് 1.25 ഓടെയാണ് സംഭവം. ഉച്ച ഭക്ഷണം കഴിഞ്ഞ് മൈതാനത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ സ്‌കൂളിന്റെ ബാത്ത് റൂമിന് പിന്നിലുള്ള തെങ്ങ് അവര്‍ക്കിടയിലേക്ക് കടപുഴകി വീഴുകയായിരുന്നു. തെങ്ങ് വീഴുന്നത് കണ്ട മറ്റു കുട്ടികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും സജിലിനും മറ്റ് രണ്ട് പേര്‍ക്കും ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല. സജിലിന്റെ തലയിലേക്കാണ് തെങ്ങ് വീണത്. വിദ്യാര്‍ഥികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അധ്യാപകരെത്തിയാണ് സജിലിനെയും മറ്റ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സജില്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വീണ തെങ്ങിന്റെ വേരുകള്‍ ഭൂരിഭാഗവും ഉണങ്ങിയ നിലയിലുള്ളതായിരുന്നുവെന്ന് സ്ഥലം പരിശോധിച്ച ഡി ഇ ഒ ഗിരിജ അരിക്കാത്ത് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് മൈതാനത്തുണ്ടായിരുന്ന ആല്‍മരം ഉള്‍പ്പെടെയുള്ള ചില മരങ്ങള്‍ വെട്ടിമാറ്റിയത്. ഈ തെങ്ങ് അപകടാവസ്ഥയിലാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും തെങ്ങ് വീണപ്പോഴാണ് വേരുകള്‍ മുഴുവന്‍ ഉണങ്ങിയ അവസ്ഥയിലാണെന്ന് മനസ്സിലായതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കലക്ടര്‍ എന്‍ പ്രശാന്ത്, മേയര്‍ എ കെ പ്രേമജം എന്നിവര്‍ സ്‌കൂളും പരിസരവും സന്ദര്‍ശിച്ചു. ഡി ഇ ഒയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സജില്‍ അഹമ്മദിന്റെ മൃതദേഹം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ജുമൈലയാണ് മാതാവ്. സഹോദരന്‍: ആദില്‍ അഹമ്മദ്. സഹോദരി: ഹഫ്‌സ.
അഞ്ച് ലക്ഷം
രൂപ അനുവദിച്ചു
തിരുവനന്തപുരം: കോഴിക്കോട് മീഞ്ചന്ത ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടിലുള്ള തെങ്ങ് കടപുഴകി വീണ് മരിച്ച വിദ്യാര്‍ഥി ഷാജില്‍ അഹമ്മദിന്റെ കുടുംബത്തിന് സമാശ്വാസ ധനമായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ പന്നിയങ്കര സ്വദേശി ദീക്ഷിതിന്റെ ചികിത്സക്ക് രണ്ട് ലക്ഷം രൂപയും അനുവദിച്ചു.
വയനാട് ജില്ലയില്‍ കടുവയുടെ കടിയേറ്റ് മരിച്ച ബാബുരാജിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാനും തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു