അങ്കണ്‍വാടി ജീവനക്കാര്‍ 10 ന് ട്രെയിന്‍ തടയും

Posted on: July 8, 2015 5:07 am | Last updated: July 9, 2015 at 12:00 pm
SHARE

കണ്ണൂര്‍: അങ്കണ്‍വാടികളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അങ്കണ്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സി ഐ ടി യു) നേതൃത്വത്തില്‍ ഈ മാസം 10 ന് കണ്ണൂരില്‍ ട്രെയിന്‍ തടയുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അങ്കണ്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം വേതനം 15000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാവിലെ 11 മുതല്‍ 12 മണി വരെയാണ് ട്രെയിന്‍ തടയുക. അന്നേ ദിവസം സംസ്ഥാനത്തെ അങ്കണ്‍വാടികള്‍ അടച്ചിടും. ഐ സി ഡി എസ് മിഷന്‍ പദ്ധതിയായി മാറിയതോടെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കെ അശോകന്‍, മേരി ജോബ്, പി പി കല്യാണി, ടി വി ജാനകി, കെ വി ഓമന പങ്കെടുത്തു.