പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിച്ചേക്കും

Posted on: July 7, 2015 6:41 pm | Last updated: July 7, 2015 at 11:53 pm

bookതിരുവനന്തപുരം: പാഠപുസ്തക അച്ചടി സ്വകാര്യ പ്രസുകളെ ഏല്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് വിദ്യാഭ്യാസവകുപ്പ് ഇത്തരമൊരു നിര്‍ദേശം വച്ചത്. എന്നാല്‍ ഈ നിലപാടിനെതിരെ അച്ചടി വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമി രംഗത്തെത്തി. സ്വകാര്യ പ്രസുകള്‍ക്ക് പ്രിന്റിംഗ് നല്‍കുന്നതിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം നിലപാടെടുത്തു.

ഏത് പ്രസിന് നല്കണമെന്ന് കെബിപിഎസിനോട് നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. ടെന്‍ഡര്‍ ഇല്ലാതെ അച്ചടി നല്‍കാന്‍ കഴിയില്ലെന്ന് അച്ചടി വകുപ്പ് നിലപാടെടുത്തതോടെ മന്ത്രിയും രാജുനാരായണ സ്വാമിയും തമ്മില്‍ തര്‍ക്കമായി.

ജൂലൈ 18നു മുന്‍പ് അച്ചടി പൂര്‍ത്തിയാക്കി 20നു മുന്‍പ് വിതരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ സര്‍ക്കാര്‍ നല്‍കാന്‍ തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

15 ലക്ഷം പുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് സ്വകാര്യ പ്രസുകളെ ഏല്‍പ്പിക്കുനാണ് തീരുമാനം. ഒമ്പതു ലക്ഷം പുസ്തകങ്ങളെ സര്‍ക്കാര്‍ പറഞ്ഞ സമയത്ത് അച്ചടിച്ച് നല്‍കാന്‍ കഴിയൂ എന്നറിയിച്ചതോടെയാണ് ശേഷിക്കുന്നവ സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.