അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം; വിജയികളെ ഇന്നറിയാം

Posted on: July 7, 2015 6:00 pm | Last updated: July 23, 2015 at 4:21 pm
SHARE

ദുബൈ: ദുബൈ ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ നടന്ന ഹോളി ഖുര്‍ആന്‍ അന്താരാഷ്ട്ര മത്സര വിജയികളെ ഇന്ന് പ്രഖ്യാപിക്കും. ലോകത്തിന് തന്നെ മാതൃകയായി റമസാനിന്റെ രാത്രികളെ ധന്യമാക്കി 11 ദിവസം നീണ്ടുനിന്ന ഖുര്‍ആന്‍ പാരായണം ഓരോദിനവും പുലരുവോളം നീണ്ടുനിന്നത് വിശ്വാസികളെ ഏറെ ആകര്‍ഷിച്ചിരുന്നു.
മൊത്തം മത്സരാര്‍ഥികളില്‍ നിന്ന് സ്വരമാധുര്യ മത്‌സരത്തിന് മൊറോകോ, അമേരിക്ക, യു എ ഇ, ജോര്‍ദാന്‍, കോമറോസ്, താന്‍സാനിയ, ഇറാന്‍, ഈജിപ്ത്, ബംഗ്ലാദേശ്, ബുറുണ്ടി, നൈജര്‍, മൗറിതാനിയ എന്നീ 12 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ബംഗ്ലാദേശിന്റെ പന്ത്രണ്ടുകാരനായ മുഹമ്മദ് സകരിയ ഒന്നാം സ്ഥാനവും മൗറിതാനിയയുടെ വുദു അഹമദ് അഖ്‌റബത് രണ്ടാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനം നേടിയ അമേരിക്കയുടെ ഹംസ അല്‍ ഹിബാശിയും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ രാത്രി നടന്ന ചടങ്ങില്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഹോളിഖുര്‍ആന്‍ പരിപാടിയുമായി ബന്ധപ്പെട്ട വിവിധ മേഖലയിലുള്ളവരെ ആദരിച്ചു.
മെഗാ സമ്മാനമായ നിസാന്‍ കാര്‍ രണ്ടാം നറുക്കെടുപ്പില്‍ വിജയിയായ ബീഹാര്‍ സ്വദേശിയും ദുബൈ ഖവാനിജിലെ പള്ളി ഇമാമുമായ മുനീര്‍ അഷ്‌റഫിന് ചെയര്‍മാന്‍ ഇബ്‌റാഹീം ബൂമില്‍ഹ താക്കേല്‍ നല്‍കി. ഇന്ന് രാത്രി പത്തരക്ക് മംസറിലെ ഹോളി ഖുര്‍ആന്‍ ആസ്ഥാന മന്ദിരത്തിനടുത്തുള്ള സയന്റിഫിക് ആന്റ് കള്‍ചര്‍ ഓഡിറ്റോറിയത്തില്‍ ഭരണാധികാരികളും വിവിധ തുറകളിലെ ഉന്നതരും മുഴുവന്‍ മത്‌സരാര്‍ത്ഥികളും അടങ്ങിയ പ്രൌഡമായ സദസ്സോടെ സമാപിക്കും. മംസറിലേക്ക് ആര്‍ ടി എ യുടെ പ്രത്യേക ബസ് സര്‍വീസ് ഉണ്ട്. നേരത്തെ എത്തുന്നവര്‍ക്ക് മാത്രമെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. എല്ലാവര്‍ക്കും പരിപാടി വീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ഹംസ സീഫോര്‍ത്ത്