Connect with us

National

എന്താണ് വ്യാപം കേസ്?

Published

|

Last Updated

മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (എം പി വ്യാവസായിക് പരീക്ഷാ മണ്ഡല്‍- വ്യാപം) ആണ് സര്‍ക്കാറിലെ വിവിധ ഉദ്യോഗങ്ങളിലേക്കും എം ബി ബി എസ് ഉള്‍പ്പെടെയുള്ള പ്രൊഫഷനല്‍ കോഴ്‌സുകളിലേക്കുമുള്ള പ്രവേശന പരീക്ഷകള്‍ നടത്തുന്നത്. ഈ പ്രവേശന പരീക്ഷകളില്‍ 2007- 08 വര്‍ഷങ്ങളില്‍ വ്യാപകമായ ക്രമക്കേട് നടന്നതാണ് വ്യാപം നിയമന അഴിമതിയെന്ന് അറിയപ്പെടുന്നത്. ഇതേക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് 2013ലാണ് അന്വേഷണം ആരംഭിച്ചത്.

രണ്ടായിരത്തിലധികം കോടി രൂപ കൈക്കൂലിയായി വിവിധ ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ രണ്ടായിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മയും ഇവരില്‍ ഉള്‍പ്പെടും. എഴുനൂറോളം പേര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്.
കേസുമായി ബന്ധപ്പെട്ട് ഇതിനകം 45 പേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യപ്രദേശ് ഗവര്‍ണറും കേസിലെ പ്രതിയുമായ രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിന്റെ മരണമായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ രാം നരേഷിന്റെ വസതിയില്‍ കഴിഞ്ഞ മാര്‍ച്ച് 25നാണ് ശൈലേഷിനെ മരിച്ചനിലയില്‍ കണ്ടത്.