Connect with us

International

ബഗ്ദാദില്‍ ഇറാഖ് യുദ്ധവിമാനത്തില്‍ നിന്ന് അബദ്ധത്തില്‍ ബോംബ് പതിച്ച് 12 മരണം

Published

|

Last Updated

 

ബഗ്ദാദ്: ഇറാഖി യുദ്ധവിമാനത്തില്‍നിന്നും അബദ്ധത്തില്‍ ബഗ്ദാദിലെ ജനവാസ കേന്ദ്രത്തില്‍ ബോംബ് പതിച്ചു. സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ നിര്‍മിത സുഖോയ് യുദ്ധ വിമാനത്തില്‍നിന്നുള്ള ബോംബ് പതിച്ച് 12 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഏഴ് പേര്‍ മരിച്ചുവെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. സൈനിക ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന വിമാനത്തിന്റെ സാങ്കേതിക തകരാറുകളാല്‍ ബാഗ്ദാദ് ജദീദയിലെ മൂന്ന് വീടുകള്‍ക്ക് മേലെ ബോംബ് പതിക്കുകയായിരുന്നുവെന്ന് സുരക്ഷാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാദ് മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസിലിനെതിരായ ആക്രമണം ശക്തമാക്കുന്നതിനാണ് ഇറാഖ് റഷ്യയില്‍നിന്നും ഇറാനില്‍നിന്നും കഴിഞ്ഞ വര്‍ഷം സുഖോയി വിമാനങ്ങള്‍ വാങ്ങിയത്. ഇറാഖിന് 36 എഫ്-16 യുദ്ധ വിമാനങ്ങള്‍ നല്‍കാമെന്ന് അമേരിക്ക സമ്മതിച്ചിരുന്നുവെങ്കിലും ഇതുവരെ ഒരെണ്ണംപോലും നല്‍കിയിട്ടില്ല.