യാത്രകളില്‍ സ്‌നേഹത്തിന്റെ ഇഫ്താര്‍ പിറ

Posted on: July 6, 2015 9:18 am | Last updated: July 6, 2015 at 9:18 am
SHARE

കോഴിക്കോട്: പരസ്പരം കൈമാറുന്ന ഈത്തപഴത്തിന്റെ ഇതളുകള്‍, മറ്റുള്ളവരിലേക്ക് നീട്ടിപിടിച്ച പാനീയങ്ങളുടെ ബോട്ടിലുകള്‍, കൈയില്‍ കരുതിയ പലഹാരങ്ങള്‍ പങ്കിട്ടെടുക്കുന്ന സഹയാത്രികര്‍…
മഗ്‌രിബ് ബാങ്കിന്റെ വിളി കേട്ടാല്‍ യാത്രക്കാര്‍ക്കാര്‍ക്കിടയില്‍ കാണുന്നത് സ്‌നേഹത്തിന്റെ ഇഫ്താര്‍ പിറ. മറ്റുള്ളവനെ നോമ്പു തുറപ്പിക്കുന്ന വലിയ സന്തോഷത്തിനൊപ്പം സ്‌നേഹത്തിന്റെ പങ്കുവെപ്പുകളാണ് ഇവിടെ കാണുന്ന മനോഹരമായ കാഴ്ച. ബസ് യാത്രകളിലും ട്രൈയിന്‍ യാത്രകളിലുമെല്ലാം ഇത്തരം ഇഫ്താര്‍ പിറകള്‍ നിത്യകാഴ്ചയാണ്.
ഗ്രാമപ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മിക്ക ബസുകളിലും ജീവനക്കാര്‍ തന്നെ ഇത്തപഴം കരുതുന്നതാണ് പതിവ്. യാത്രക്കിടയില്‍ ബാങ്ക് വിളി ഉയര്‍ന്നാല്‍ ഇവര്‍ തന്നെ നോമ്പുകാര്‍ക്കായി ഇത് വിതരണം ചെയ്യും.
ദീര്‍ഘദൂര ബസുകളില്‍ നോമ്പുകാരായ യാത്രക്കാര്‍ പരസ്പരം ഇഫ്താര്‍ വിഭവങ്ങള്‍ കൈമാറും. മറ്റുള്ളവരും പങ്കാളികളാവുന്നത് സൗഹൃദത്തിന്റെ മറ്റൊരു കാഴ്ചയാണ്. ട്രൈയിന്‍ യാത്രക്കാര്‍ക്കിടയിലാണ് കുറേകൂടി സംഘടിതമായി ഇഫ്താര്‍ പിറയൊരുങ്ങുന്നത്. ഒരേ ട്രൈയിനുകളിലെ സ്ഥിരം യാത്രക്കാരാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. ദിവസവും ഒരു കമ്പാര്‍ട്ട്‌മെന്റില്‍ ഒന്നിക്കുന്ന ചെറുസംഘങ്ങളായാണ് നോമ്പുതുറ ഒരുക്കുന്നത്.
നോമ്പുകാരായ യാത്രക്കാര്‍ കൊണ്ടുവരുന്ന വിഭവങ്ങള്‍ തുല്യമായി പങ്കുവെച്ചു കഴിക്കുന്നതാണ് ട്രൈയിനുകളിലെയും കാഴ്ച. ചില ട്രൈയിനുകളില്‍ സമൂഹ ഇഫ്താറുകളും സംഘടിപ്പിക്കാറുണ്ട്. ചൈന്നൈ മൈലില്‍ ഇത്തരത്തില്‍ വര്‍ഷങ്ങളായി ഇഫ്താര്‍ നടക്കാറുണ്ട്. റോഡ് മാര്‍ഗമുള്ള യാത്രക്കാര്‍ക്ക് പള്ളികളാണ് ആശ്രയം. മിക്ക പള്ളികളിലും യാത്രക്കാര്‍ക്കായി നോമ്പുതുറക്കാന്‍ സൗകര്യം ഒരുക്കുന്നുണ്ട്.