പ്രതീക്ഷാ ഭവനില്‍ ഫേസ് ബുക്ക് കൃഷി ഗ്രൂപ്പ് കൂട്ടായ്മയുടെ വിഷമുക്ത പച്ചക്കറി കൃഷി

Posted on: July 6, 2015 8:48 am | Last updated: July 6, 2015 at 8:48 am

വളാഞ്ചേരി: കളിയും ചിരിയും മാത്രമല്ല ഫേസ് ബുക്കില്‍ അല്‍പം കൃഷിയും. പ്രതീക്ഷാ ഭവനില്‍ ഫേസ് ബുക്ക് കൃഷി ഗ്രൂപ്പ് കൂട്ടായ്മയുടെ വിഷ മുക്ത പച്ചക്കറി കൃഷിക്ക് തുടക്കം. തവനൂര്‍ പ്രതീക്ഷാ ഭവനിലെ അന്തേവാസികള്‍ക്കായി ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ജൈവ വളം ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി ചെയ്താണ് ഫേസ് ബുക്ക് കൂട്ടായ്മ മാതൃകയാകുന്നത്. ഒന്നര ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രൂപ്പിന്റെ അഡ്മിന്‍മാരിലൊരാളായ കുരിയന്‍ വര്‍ഗീസാണ് അന്തേവാസികള്‍ക്ക് കൃഷിയൊരുക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയത്. പ്ലാവ്, ഒട്ട് മാവ്, കടച്ചക്ക, നെല്ലി, കറിവേപ്പ്, തെങ്ങ്, വിവിധയിനം വാഴ, സപ്പോട്ട തുടങ്ങിയ തൈകള്‍ പ്രതീക്ഷാ ഭവനില്‍ എത്തിച്ചു. കൃഷി ചെയ്യാനുള്ള മണ്‍വെട്ടി, പിക്കാസ്, കൊട്ട തുടങ്ങിയ ഉപകരണങ്ങളും വാങ്ങി നല്‍കി. കൃഷി ഗ്രൂപ്പ് ജിദ്ദ ഘടകത്തിന്റെ നേതൃത്വത്തില്‍ അന്തേവാസികള്‍ക്കായി റഫ്രിജറേറ്ററും വാങ്ങി നല്‍കി. ഇന്നലെ പ്രതീക്ഷാ ഭവനില്‍ നടന്ന ചടങ്ങില്‍ ഡോ. കെ ടി ജലീല്‍ എം എല്‍ എ തെങ്ങ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പൊന്നാനി മണ്ഡലം പ്രസിഡന്റ് ഹക്കീം വെണ്ടല്ലൂര്‍, കൃഷി ഗ്രൂപ്പ് സാരഥികളായ മുഹമ്മദലി കൊടിഞ്ഞി, മുസ്തഫ മേലേതില്‍, റോയിച്ചന്‍, ശഫീഖ് സൂറത്ത്, കുറ്റിപ്പുറം എസ് ഐ. കെ പി വാസു, റഹീന അമീര്‍, ശബീറ സലാം സംസാരിച്ചു.