കുത്തക വ്യാപാരികള്‍ക്ക് വേണ്ടി പച്ചക്കറി വിഷപരിശോധന ഒഴിവാക്കുന്നു

Posted on: July 6, 2015 6:00 am | Last updated: July 6, 2015 at 3:40 am
SHARE

 

പാലക്കാട്: കുത്തക സ്വകാര്യ ചില്ലറ വ്യാപാരികള്‍ക്ക് വേണ്ടി തമിഴ്‌നാട്ടില്‍ നിന്നും ശേഖരിച്ച് കേരളത്തില്‍ വില്‍ക്കുന്ന പച്ചക്കറികളെ വിഷപരിശോധനയില്‍ ഒഴിവാക്കുന്നു. കേരളഭക്ഷ്യസുരക്ഷാ വിഭാഗം തമിഴ്‌നാട് കൃഷിവകുപ്പുമായി ചേര്‍ന്ന് തമിഴ്‌നാട്ടിലെ തോട്ടങ്ങളിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും നടത്തുന്ന പരിശോധനകള്‍ വന്‍കിട റീട്ടെയില്‍ ശൃംഖലകളുടെ കാര്യത്തില്‍ പ്രായോഗികമാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
റിലയന്‍സ് ഫ്രഷ്, ഫ്യൂച്ചര്‍ ഗ്രൂപ്പ് (ബിഗ് ബസാര്‍) തുടങ്ങിയ വന്‍കിട മാളുകളാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി ശേഖരിക്കുന്നത്. തമിഴ്‌നാട്ടില്‍ വന്‍ പര്‍ച്ചേസുകള്‍ നടത്തുന്ന റീട്ടെയില്‍ ഗ്രൂപ്പുകള്‍ വഴിയാണ് കേരളത്തിലെത്തുന്ന പച്ചക്കറിയുടെ 15 മുതല്‍ 20 ശതമാനം വരെ അതിര്‍ത്തി കടക്കുന്നത്. ഓണക്കാലം പോലുള്ള സീസണുകളില്‍ ഇത് ഇരട്ടിയാകും. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പച്ചക്കറി സമൃദ്ധമായി എത്താറുള്ള ഒട്ടഛത്രം മാര്‍ക്കറ്റ് മുതല്‍ പാലക്കാട് വരെയുള്ള മൊത്ത വിതരണ ചന്തകളില്‍ നിന്നുകൂടി റീട്ടെയില്‍ ശൃംഖലകല്‍ പച്ചക്കറി ശേഖരിക്കാറുണ്ട്.
ചെറുകിട കച്ചവടക്കാരേക്കാള്‍ 30 ശതമാനം വരെ വില കൂടുതല്‍ നല്‍കി മൊത്തക്കച്ചവടക്കാരില്‍ നിന്നും കേരളത്തിലേക്കും ഉത്തരേന്ത്യയിലേക്കും ഇവര്‍ പച്ചക്കറി സാധനങ്ങള്‍ കൊണ്ടുപോകുന്നുണ്ട്. മംഗലാപുരം, വിശാഖപട്ടണം എന്നിവ കേന്ദ്രീകരിച്ചുള്ള സ്വകാര്യ വെയര്‍ഹൗസിംഗ് കുത്തകകളും ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി ശേഖരിക്കുന്നുണ്ട്. വിളകള്‍ കൃഷി തുടങ്ങും മുമ്പേ മുന്‍കൂര്‍ പണം നല്‍കി ഇവര്‍ സ്വന്തമാക്കും. സീസണിന് മുമ്പേ ശേഖരിക്കുന്നവ മരുന്നുകള്‍ തളിച്ച് സൂക്ഷിക്കുകയാണ് ചെയ്യുക.
വെയര്‍ഹൗസുകള്‍ റെയ്ഡ് ചെയ്യുന്നതിനോ സാമ്പിളുകള്‍ ശേഖരിക്കുന്നതിനോ ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിയുന്നില്ല. അതിര്‍ത്തിയിലൂടെ രണ്ട് ലോഡുകള്‍ കടന്നുപോയാല്‍ മൂന്നാമതു വരുന്നത് റീട്ടെയില്‍ ശൃംഖലക്കാരുടെ പച്ചക്കറി ലോറിയായിരിക്കും. അവരെ പരിശോധിക്കാന്‍ നിയമമില്ല. മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ ലൈസന്‍സും പാസുമാകും അവരുടെ കൈയിലുണ്ടാവുക. നിലവില്‍ വിഷ പച്ചക്കറികള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.
പൊള്ളാച്ചി, ഒട്ടഛത്രം, ഉഡുമല്‍പേട്ട്, ഗോവിന്ദാപുരം, മീനാക്ഷിപുരം, വേലന്താവളം തുടങ്ങിയ വന്‍കിട മാര്‍ക്കറ്റുകളില്‍ നിന്നും ശീതീകരിച്ച വാഹനങ്ങളിലാണ് റീട്ടെയില്‍ ശൃംഖലകള്‍ പച്ചക്കറി കൊണ്ടുപോകുന്നത്. കേരളത്തില്‍ വലിയ ഫ്രീസറുകളും വെയര്‍ഹൗസുകളും ഇല്ലാത്ത റീട്ടെയില്‍ മാള്‍ കമ്പനികള്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും തിട്ടമില്ല. തമിഴ്‌നാട്ടിലെ ആകെ ഉത്പാദനത്തിന്റെ 43 ശതമാനം കേരളത്തിലേക്ക് കയറ്റി അയച്ചിരുന്ന കര്‍ഷകരും മൊത്ത വ്യാപാരികളും കൂടുതല്‍ ലാഭം കിട്ടുന്നതു മൂലം വന്‍കിട മാളുകള്‍ക്ക് പച്ചക്കറി നല്‍കാന്‍ മത്സരിക്കുകയാണ്. വിഷലായനിയില്‍ മുക്കിയിട്ട് മാളുകളില്‍ തുടുത്ത നിറത്തോടെയിരിക്കുന്ന പച്ചക്കറിപഴ വര്‍ഗങ്ങളുടെ പിന്നാമ്പുറക്കഥകള്‍ അന്വേഷിക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ തയ്യാറാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.