കുടുംബശ്രീ ഓഫീസുകളില്‍ പുകവലിച്ചാല്‍ 200 രൂപ പിഴ

Posted on: July 6, 2015 6:00 am | Last updated: July 6, 2015 at 3:39 am
SHARE

kudumbasree photo-knrമലപ്പുറം: കുടുംബശ്രീ ഓഫീസുകളില്‍ പുകവലിച്ചാല്‍ ഇനി മുതല്‍ 200 രൂപ പിഴ ഒടുക്കേണ്ടി വരും. കേരളത്തില്‍ പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് പുകയില നിയന്ത്രണ ദൗത്യത്തില്‍ കുടുംബശ്രീയും പങ്കാളിയാകുന്നത്. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ പുകയില നിയന്ത്രണ നിയമമായ കോട്പ 2003 ലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കുലര്‍ വഴി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 42 ലക്ഷം വനിതകളാണ് കുടുംബശ്രീയില്‍ അംഗങ്ങളായുള്ളത്. കുടുംബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍, ഭക്ഷണശാലകള്‍, അനുബന്ധ സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടെ കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 7324 സ്ഥാപനങ്ങളിലെല്ലാം പുകവലി വിമുക്തമാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കുടുംബശ്രീയുടെ വിവിധ സ്ഥാപനങ്ങളിലും സംരംഭങ്ങളിലും പ്രവര്‍ത്തിക്കുന്നവരുടെയും അവിടെ നിന്നും സേവനങ്ങള്‍ കൈപ്പറ്റുന്നവരുടെയും ആരോഗ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പുകയില ഉത്പന്നങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണം വിവരിച്ച് ഓഫീസുകള്‍ക്ക് മുമ്പില്‍ പോസ്റ്ററുകള്‍ പതിക്കും. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ കുടുംബ യോഗങ്ങള്‍ വിളിച്ച് കൂട്ടി പുകയില ഉത്പന്നങ്ങള്‍ക്കെതിരെ പ്രചാരണം നടത്താനും പദ്ധതിയുണ്ട്. ഓഫീസ് മേധാവി, എച്ച് ആര്‍ ഡി മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ മേധാവി എന്നിവര്‍ക്ക് നിയമ ലംഘകര്‍ക്കെതിരെ നടപടിയെടുക്കാവുന്നതാണെന്നും ഇത്തരവില്‍ പറയുന്നുണ്ട്.