കുറ്റകൃത്യങ്ങളില്‍ മുമ്പില്‍ അന്യസംസ്ഥാന തൊഴിലാളികളും; രണ്ട് വര്‍ഷത്തിനിടെ 49 കൊലപാതകങ്ങള്‍

Posted on: July 6, 2015 5:48 am | Last updated: July 6, 2015 at 2:50 am
SHARE

criminal1

കണ്ണൂര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലെടുക്കാനായി കേരളത്തിലെത്തുന്നവര്‍ക്കിടയില്‍ വന്‍തോതില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതായി പോലീസ് റിപ്പോര്‍ട്ട്. മയക്കുമരുന്നുകടത്തും കൊലപാതകവും സ്ത്രീപീഡനങ്ങളുമൊക്കെയായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെയെണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സര്‍ക്കാറിന്റെ ഏകദേശ കണക്ക്പ്രകാരം 25 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇവരില്‍ കൂടുതലും എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലായാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ കടന്നുവരവ് കൂടിയതെന്ന് സര്‍ക്കാറിന്റെ സര്‍വേകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഒരു ദശകം മുമ്പ് തമിഴ്‌നാട്ടുകാര്‍ മാത്രമായിരുന്നു കൂടുതലായും കേരളത്തില്‍ തൊഴില്‍ തേടിയെത്തിയിരുന്നത്. ഇപ്പോള്‍ ഒഡീഷ, ബീഹാര്‍, ബംഗാള്‍ തുടങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മണിപ്പൂര്‍, മേഘാലയ എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമെല്ലാം ധാരാളം പേര്‍ എത്തുന്നുണ്ട്. 2010ലെ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ഇവരുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയെങ്കിലും 49,706 അംഗങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവരില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് പശ്ചിമബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഉത്തരാഞ്ചല്‍ എന്നിവിടങ്ങളിലുള്ളവരാണ്.
ഡല്‍ഹിയിലും മറ്റും കുറ്റകൃത്യങ്ങള്‍ കൂടാനിടയായത് കുടിയേറ്റ തൊഴിലാളികളുടെ വന്‍തോതിലുള്ള കടന്നുകയറ്റത്തിന്റെ ഭാഗമാണെന്നുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് ഏതാനും നാളുകളായി ഇവരുടെ കുറ്റകൃത്യങ്ങളുടെ സ്വഭാവം നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ മാസം ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ കണക്കുപ്രകാരം രണ്ട് വര്‍ഷത്തിനിടെ 49 കൊലപാതകങ്ങള്‍ അന്യ സംസ്ഥാന തൊഴിലാളികളുടെയിടയില്‍ നിന്നുണ്ടായിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതികളുടെ അടിസ്ഥാനത്തില്‍ 240 പ്രധാന മോഷണക്കേസുകള്‍ ഇവര്‍ക്കെതിരെയുണ്ടായിട്ടുണ്ട്. നിരോധിത ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് 173 കേസുകളും നിലവിലുണ്ട്. ബലാത്സംഗം, പീഡന ശ്രമങ്ങള്‍ എന്നിങ്ങനെ നിരവധി പരാതികള്‍ വേറെയുമുണ്ട്. മയക്കുമരുന്നുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ഏതാനും നാളുകള്‍ക്കുള്ളിലായി മാത്രം 220 പേര്‍ എക്‌സൈസ് വകുപ്പിന്റെ പിടിയിലകപ്പെട്ടിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് ഇത്തരത്തില്‍ പിടിയിലായവരിലേറെയും. വന്‍ തോതിലുള്ള ഇവരുടെ മയക്കുമരുന്ന് കടത്ത് തടയാന്‍ റെയില്‍വേ സ്റ്റേഷന്‍, പാര്‍സല്‍ സര്‍വീസ്, ഇവരുടെ താമസസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണസംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ആകര്‍ഷകമായ കൂലിക്കുപുറമെ കേരളത്തില്‍ ഇവര്‍ക്ക് താമസിക്കാനും മറ്റും യഥേഷ്ടം സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നുള്ളതാണ് അന്യനാട്ടുകാര്‍ കേരളത്തിലെത്തുന്നതിന്റെ പ്രധാന കാരണമെന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് താമസിക്കുന്ന തൊഴിലാളികളുടെ പേര്, മേല്‍വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, നിലവിലത്തെ താമസസ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ട രജിസ്റ്ററുകള്‍ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കണമെന്നാണ് നിയമം. എന്നാല്‍ മിക്ക യിടങ്ങളിലും ഇത്തരത്തിലൊരു രേഖ ഉണ്ടാകാറില്ലെന്നും പോലീസുദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കണമെന്ന ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം പാലിക്കാത്ത കെട്ടിട ഉടമകള്‍ക്കെതിരെയും നടപടിയുണ്ടാകാറില്ല. യാതൊരു നിയന്ത്രണവുമില്ലാത്ത പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ കൂടുന്നുണ്ടെന്നുതന്നെയാണ് പോലീസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ പരിയാരം മെഡിക്കല്‍ കോളജ് പരിസരത്തുനിന്നും ഒരു പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയ അന്യ സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടിയിരുന്നു. സമാന രീതിയിലുള്ള സംഭവങ്ങള്‍ നേരത്തെയുമുണ്ടായിട്ടുണ്ടെന്നാണ് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് ലഭിച്ച വിവരം.