Connect with us

National

വ്യാപം അഴിമതിക്കേസില്‍ സര്‍വത്ര ദുരൂഹത; അരുണ്‍ ശര്‍മ 200 രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നുവെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജയ്പാല്‍പൂര്‍ എന്‍ എസ് മെഡിക്കല്‍ കോളജ് ഡീന്‍ അരുണ്‍ ശര്‍മ, വ്യാപം അഴിമതിക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറിയ വ്യക്തി. മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് കുംഭകോണം അഥവാ വ്യാപം അഴിമതി കേസില്‍ 200 നിര്‍ണായക രേഖകള്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് അരുണ്‍ ശര്‍മ കൈമാറിയിരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) പ്രസിഡന്റ് ഡോക്ടര്‍ സുധീര്‍ തിവാരി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ഗിദ്‌വിജയ് സിംഗ് ഇക്കാര്യം തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു.
നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളജ് ഡീനായ അരുണ്‍ ശര്‍മയുടെ മൃതദേഹം അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തുകയായിരുന്നു. നിരവധി തവണ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. വ്യാപം കേസുമായി മരണത്തിന് ബന്ധമുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ എല്ലാ വിഷയങ്ങളും അന്വേഷിക്കുകയാണെന്ന് സൗത്ത് വെസ്റ്റ് ജോയിന്റ് കമ്മീഷണര്‍ ദീപേന്ദര്‍ പഥക് മറുപടി നല്‍കി.
വ്യാപം കേസില്‍ ശര്‍മക്കുള്ള ബന്ധം 2014 ജൂലൈയില്‍ തന്നെ ദിഗ്‌വിജയ് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. വ്യാപം അന്വേഷണ സമിതിയിലെ മറ്റൊരംഗവും ഇതേ മെഡിക്കല്‍ കോളജിലെ മറ്റൊരു ഡീന്‍ ആയ ഡോ. ഡി കെ സാകല്ലെയും ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. പൊള്ളലേറ്റാണ് ഇദ്ദേഹം മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് അതുസംബന്ധിച്ച് പോലീസ് നിഗമനം. കേസില്‍ കുറ്റാരോപിതനായ ഒരാളുടെ കുടുംബത്തെ ഇന്റര്‍വ്യൂ ചെയ്ത പത്രപ്രവര്‍ത്തകന്‍ മരിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് ശര്‍മയുടെ മരണമെന്നത് സംഭവത്തിന്റെ ഗൗരവമേറ്റുന്നുണ്ട്.

Latest