ഭക്ഷണത്തില്‍ പ്രാണി; എയര്‍ ഇന്ത്യ യാത്രക്കാരന്‍ പരാതിപ്പെട്ടു

Posted on: July 6, 2015 6:00 am | Last updated: July 6, 2015 at 1:58 am

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാര്‍ക്കായി വിളമ്പിയ ഭക്ഷണത്തിന്‍ നിന്ന് ഈച്ചയെ കിട്ടിയതായി പരാതി. ഇന്നലെ കാഠ്മണ്ഡുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ ഈച്ചയുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്.
വിമാന യാത്രക്കാരിലൊരാളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, പക്ഷേ പരാതിയുടെ നിജസ്ഥിതി പരിശോധിക്കാനാവശ്യമായ ഭക്ഷണ സാംപിളുകളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ സംഭവത്തിന്റെ സത്യാവസ്ഥയെ കുറിച്ച് തങ്ങള്‍ക്കൊന്നും പറയാന്‍ കഴിയില്ലെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ മാസം എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടതായി ആരോപണമുയര്‍ന്നിരുന്നു. ഈ പരാതി വ്യാജമാണെന്ന് പിന്നീട് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.