Connect with us

National

19 കോളജുകള്‍ക്ക് യു ജി സിയുടെ പൈതൃക പദവി

Published

|

Last Updated

ന്യൂഡല്‍ഹി: നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള യൂനിവേഴ്‌സിറ്റികള്‍ക്ക് യു ജി സി പൈതൃക പദവി നല്‍കുന്നു. ഈ ഇനത്തില്‍ പെട്ട 19 സ്ഥാപനങ്ങള്‍ക്ക് പൈതൃക പദവി നല്‍കാനും ഈ സ്ഥാപനങ്ങളുടെ ഉയര്‍ച്ചക്കും പുരോഗതിക്കും വേണ്ട സാമ്പത്തിക സഹായം നല്‍കാനും യു ജി സി തീരുമാനമായി. പൈതൃക പദവിക്ക് അര്‍ഹതയുള്ള കോളജുകളില്‍ നിന്ന് യു ജി സി അധികൃതര്‍ നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. ഇങ്ങനെ കിട്ടിയ 60 അപേക്ഷകളില്‍ നിന്നാണ് ഇപ്പോള്‍ 19 കോളജുകള്‍ക്ക് പൈതൃക പദവി അംഗീകരിച്ചുനല്‍കുന്നത്. എന്നാല്‍ പൈതൃക പദവി ലഭിച്ച കോളജുകളില്‍ ഒന്നു പോലും ഡല്‍ഹിയില്‍ ഇല്ലെന്നത് ശ്രദ്ധേയമായി.
ഈ ക്യാമ്പസുകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം യു ജി സി അനുവദിക്കും. ഇതുപയോഗിച്ച് കോളജുകള്‍ക്ക് പൈതൃകം സംബന്ധിച്ച പ്രത്യേക കോഴ്‌സുകളോ പുതിയ പുരോഗമന പ്രവര്‍ത്തനങ്ങളോ തുടങ്ങാം.
സെന്റ് സേവ്യര്‍സ് കോളജ് മുംബൈ, സി എം എസ് കോളജ് കോട്ടയം, സെന്റ് ജോസഫ് കോളജ് ട്രിച്ചി, ഖല്‍സ കോളജ് അമൃത്‌സര്‍, സെന്റ് ബേദീസ് കോളജ് ഷിംല, ക്രൈസ്റ്റ് ചര്‍ച്ച് കോളജ് കാണ്‍പൂര്‍, ഓള്‍ഡ് ആഗ്ര കോളജ് ആഗ്ര, മീററ്റ് കോളജ്, മീററ്റ് ആന്‍ഡ് ലംഗാത് സിംഗ് കോളജ് ബീഹാര്‍ എന്നിവ പൈതൃക പദവി ലഭിച്ച കോളജുകളില്‍ പെട്ടതാണ്.
തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ്, യൂനിവേഴ്‌സിറ്റി കോളജ് മാംഗ്ലൂര്‍, കോട്ടണ്‍ കോളജ് ഗുവാഹത്തി, മിഡ്‌നാപൂര്‍ കോളജ് പശ്ചിമബംഗാള്‍, ഗവണ്‍മെന്റ് മെഡിക്കല്‍ സയന്‍സസ് ജബല്‍പൂര്‍, ഡെക്കാന്‍ എജ്യുക്കേഷന്‍ സൊസൈറ്റീസ് ഫെര്‍ഗൂസണ്‍ കോളജ് പൂനെ, ഹിസ്‌ലോപ് കോളജ് നാഗ്പൂര്‍, ഗവണ്‍മെന്റ് ഗാന്ധി മെമോറിയല്‍ സയന്‍സ് കോളജ് ജമ്മു, കന്യാ മാധവിദ്യാലയ ജലന്ദര്‍, സെന്റ് സേവ്യര്‍ കോളജ് കൊല്‍ക്കത്ത എന്നിവയും ലിസ്റ്റില്‍ ഇടം പിടിച്ചു.
ഗുവാഹത്തിയിലെ കോട്ടണ്‍ കോളജ് ഇതിനകം തന്നെ പൈതൃക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 4.35 കോടി സ്വീകരിച്ചിരുന്നു.
ആര്‍ട്ട് മ്യൂസിയം, ജിയോളജിക്കല്‍ മ്യൂസിയം, പൈതൃക പദ്ധതികള്‍ തുടങ്ങിയവക്കും ഈ ഫണ്ട് ഉപയോഗപ്പെടുത്താന്‍ സാധിക്കും.

Latest