Connect with us

International

സിറിയയില്‍ ഇസിലിനെതിരെ ആക്രമണം ശക്തമാക്കുന്നു

Published

|

Last Updated

ബൈറൂത്ത്: വടക്കന്‍ സിറിയയില്‍ ഇസില്‍ തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ സഖ്യ സേനയുടെ ആക്രമണം ശക്തമാകുന്നു.
ഇസില്‍ ശക്തികേന്ദ്രമായ റഖയില്‍ ഇന്നലെ നടന്ന ആക്രമണത്തില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാത്രിയില്‍ 16ല്‍ പരം ആക്രമണങ്ങള്‍ നടന്നതായും തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ പ്രദേശത്ത് ഭീതി പരത്തിയതായും സിറിയയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.
റഖയിലെ ആക്രമണങ്ങള്‍ ഇസിലിന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുള്ളതായിരുന്നു വെന്ന് ആക്രമണത്തിന് നേതൃത്വം നല്‍കിയ യു എസ് സൈനിക വക്താവ് പറഞ്ഞു. തങ്ങള്‍ കൃത്യമായ ലക്ഷ്യത്തോടെയുള്ള ആക്രമണമാണ് ഇവിടെ തയ്യാറാക്കിട്ടുള്ളത്. ഇത് ഇസിലിനെ തുടച്ചുനിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഖയെ ഇസിലിന്റെ പ്രയോഗിക തലസ്ഥാനമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതേസമയം ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും ഇസില്‍ അനൂകൂല വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വെബ്‌സൈറ്റില്‍ ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ അധികപേരും സിറിയന്‍ പൗരന്‍മാരാണെന്ന് ഇസില്‍ അനുകൂല വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തില്‍ ഒരു പത്തു വയസ്സുകാരനടക്കം എട്ട് സാധാരണ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ഇസില്‍ വിരുദ്ധ സന്നദ്ധ പ്രവര്‍ത്തകരുടെ സംഘം പറഞ്ഞു. ഇസില്‍ കേന്ദ്രങ്ങളേയും ചെക്ക് പോയിന്റുകളേയും ലക്ഷ്യവെച്ചുള്ളതായിരുന്നു ആക്രമണങ്ങള്‍.