കരള്‍രോഗത്തിന് സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രികളില്‍ ചികിത്സ നല്‍കും

Posted on: July 6, 2015 6:00 am | Last updated: July 5, 2015 at 8:01 pm

കാസര്‍കോട്: മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സ പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നു. ഭാരതീയ ചികിത്സ വകുപ്പു മുഖേന സംസ്ഥാന സര്‍ക്കാരാണ് പദ്ധതി നടപ്പാക്കുന്നത്. കാസര്‍കോട്, പടന്നക്കാട്, ചീമേനി, കോയങ്കര സര്‍ക്കാര്‍ ആയുര്‍വേദാശുപത്രികളില്‍ ഈ ചികിത്സ സൗകര്യം ലഭിക്കും.
പരിശോധിക്കുന്നതിനും കരള്‍ രോഗികള്‍ക്ക് തുടര്‍ചികിത്സ നല്‍കുന്നതിനും സൗകര്യമേര്‍പ്പെടുത്തി. തിരഞ്ഞെടുക്കുന്ന രോഗികള്‍ക്കുളള രക്തപരിശോധനയും മരുന്നും സൗജന്യമാണ്. മദ്യപാനം മൂലവും അല്ലാതെയും ഉണ്ടാകുന്ന കരള്‍ രോഗമുളളവരെ കണ്ടെത്തി ആയുര്‍വ്വേദ ചികിത്സ നല്‍കുകയാണ് കരള്‍ രോഗ മുക്തി പദ്ധതിയുടെ ലക്ഷ്യം. മദ്യപാനാസക്തി കുറയ്ക്കാനുളള നടപടികളുമുണ്ടാകും. മദ്യപാനത്തിനെതിരെയും
കരള്‍രോഗത്തെക്കുറിച്ചും ബോധവത്കരണം നടത്തും. സംസ്ഥാന വ്യപകമായി 100 ദിവസംകൊണ്ട് 127 ആശുപത്രികളും 815 ഡിസ്‌പെന്‍സറികള്‍ മുഖേന പദ്ധതി നടപ്പിലാക്കും. കരള്‍വീക്കം, കൊഴുപ്പ്, ഉദരരോഗങ്ങള്‍, കരള്‍ തകരാര്‍ മൂലമുണ്ടാകുന്ന അധിക മര്‍ദ്ദം തുടങ്ങിവയാണ് കരള്‍ രോഗങ്ങള്‍.
മദ്യം, ഫാസ്റ്റ്ഫുഡ്, കൃത്രിമ ഭക്ഷണ പാനീയങ്ങള്‍, കൊഴുപ്പ് കൂടുതലുളളതും പോഷകാഹാരം കുറഞ്ഞതുമായ പദാര്‍ഥങ്ങള്‍ വ്യായാമരഹിത ജീവിതശൈലി എന്നിവമൂലമാണ് കരള്‍ രോഗങ്ങള്‍ വര്‍ധിക്കുന്നത്. ആയുര്‍വേദത്തില്‍ കരളിനെ സംരക്ഷിക്കുന്നതിന് ധാരാളം ഔഷധങ്ങളും ചികിത്സാക്രമങ്ങളുമുണ്ട്. ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുകയാണ് കരള്‍രോഗ മുക്തി പദ്ധതിയുടെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ അടുത്തുളള സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയിലും ആയുര്‍വേദ ഡിസ്‌പെന്‍സറിയിലും ലഭ്യമാണ്.