Connect with us

Gulf

മോഷണം: ഭയചകിതരായി അറേബ്യന്‍ റാഞ്ചസ് നിവാസികള്‍

Published

|

Last Updated

ദുബൈ: അടിക്കടി സംഭവിക്കുന്ന മോഷണങ്ങള്‍ അറേബ്യന്‍ റാഞ്ചസില്‍ താമസിക്കുന്നവരുടെ സ്വസ്ഥത നശിപ്പിക്കുന്നതായി പരാതി. മോഷണം പതിവായിരിക്കുന്നത് താമസക്കാരെ ഭയചകിതരാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടിയില്‍ നിരവധി മോഷണങ്ങളാണ് മേഖലയില്‍ സംഭവിച്ചതെന്ന് ഇരകളില്‍ ഒരാളായ ഇന്ത്യക്കാരി ഹനാദി ഹബീബ്(32) വ്യക്തമാക്കി. അക്രമി തങ്ങളുടെ വില്ലയില്‍ അതിക്രമിച്ച് കയറി ഒരു ലക്ഷം ദിര്‍ഹം വിലവരുന്ന വസ്തുക്കള്‍ മോഷ്ടിക്കുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. സമാനമായ നാലു അനുഭവങ്ങളാണ് മെയ് മാസത്തിന് ശേഷം അറേബ്യന്‍ റാഞ്ചസില്‍ സംഭവിച്ചിരിക്കുന്നത്. ഭര്‍ത്താവിനും അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം മാതാപിതാക്കളുടെ ഫഌറ്റില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതായി ബോധ്യപ്പെട്ടത്. രാവിലെ പോയി വൈകുന്നേരം തിരിച്ചുവരുമ്പോഴേക്കും വില്ലയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ വിലപിടിപ്പുള്ള വസ്തുക്കളുമായി കടുന്നുകളഞ്ഞിരുന്നു. പിന്നിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. താഴത്തെ നിലയില്‍ കാര്യമായി ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. മുകളിലത്തെ മാസ്റ്റര്‍ ബെഡ് റൂമില്‍ സൂക്ഷിച്ച റോളക്‌സ് വാച്ചും വജ്രത്തില്‍ നിര്‍മിച്ച ടെന്നിസ് ബ്രെയ്‌സ്‌ലെറ്റും നഷ്ടമായി. മോഷ്ടാക്കളുടെ വിളയാട്ടം ആളുകളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായിരിക്കയാണ്. കൂടുതല്‍ സുരക്ഷാ ക്യാമറകള്‍ മേഖലയില്‍ ആവശ്യമാണെന്നാണ് താമസക്കാരുടെ പൊതുവിലുള്ള അഭിപ്രായമെന്നും ഹനാദി പറഞ്ഞു.
അയല്‍പക്കത്തെ സഹീല്‍ എന്ന വീട്ടില്‍ നിന്നു നീന്തല്‍ക്കുളത്തിലെ വിലപിടിപ്പുള്ള സാമഗ്രകള്‍ മോഷ്ടിക്കപ്പെട്ടതായി അടുത്തിടെ അറേബ്യന്‍ റാഞ്ചസില്‍ താമസമാക്കിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിനി നികോള വെളിപ്പെടുത്തി. തങ്ങളുടെ വീടും പരിസരവും സുരക്ഷിതമാണെന്ന ആത്മവിശ്വാസമാണ് മോഷണങ്ങള്‍ക്ക് അവസരം ഒരുക്കുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ ജോലിക്കുവെക്കരുതെന്ന് പോലീസ് ഇവിടുത്തെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലീസിന്റെ സെക്യൂരിറ്റി സ്‌കീമില്‍ വീട് പൂട്ടിപോകുന്നവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ വീട് നിരീക്ഷിക്കാന്‍ പോലീസ് സംവിധാനം ഏര്‍പെടുത്തും. ദുബൈ പോലീസിന്റെ വെബ്‌സൈറ്റ് വഴിയോ, സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ ചെന്നോ ഇതിനുള്ള രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

Latest