ചരിത്രം കുറിച്ച് സോളാര്‍ ഇംപള്‍സ് ഹവായില്‍ പറന്നിറങ്ങി

Posted on: July 5, 2015 12:05 am | Last updated: July 5, 2015 at 12:05 am

solar-impulseഹോണോലുലു: അഞ്ച് ദിവസത്തെ തുടര്‍ച്ചയായുള്ള യാത്രക്ക് ശേഷം പുതിയ റെക്കോര്‍ഡോടെ സോളാര്‍ വിമാനം സോളാര്‍ ഇംപള്‍സ് ഹവായില്‍ നിലത്തിറങ്ങി. സൂര്യ പ്രകാശം മാത്രം ഇന്ധനമാക്കി ജപ്പാനില്‍ നിന്ന് ഹവായ് വരെ പൈലറ്റ് ആന്ദ്രെ ബോഷ് ബെര്‍ഗ് പറന്ന 118 മണിക്കൂര്‍ യാത്ര ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സോളോ വിമാന യാത്രയായി റെക്കോര്‍ഡിട്ടു.
പ്രത്യേകം രൂപകല്‍പന ചെയ്ത ജെറ്റില്‍ 76 മണിക്കൂര്‍ കൊണ്ട് ലോകം ചുറ്റിയ അമേരിക്കക്കാരനായ സ്റ്റീവ് ഫോസെറ്റിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. ഇരു ചിറകുകളിലുമായി സ്ഥാപിച്ച 17,000 സോളാര്‍ സെല്‍സ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി മാത്രം ഇന്ധനമാക്കിയാണ് പെസഫിക് സമുദ്രം താണ്ടിയുള്ള 6,500 കിലോമീറ്റര്‍ യാത്ര സോളാര്‍ ഇംപള്‍സ് പൂര്‍ത്തിയാക്കിയത്.
ശേഖരിക്കപ്പെട്ട വൈദ്യുതി ഉപയോഗിച്ചാണ് രാത്രി വിമാനം പറന്നത്. ആകാശ യാത്രയിലും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ കാര്യത്തിലും പുതു ചരിത്രം കുറിച്ച തന്റെ യാത്ര അസാധാരണ അനുഭവമായിരുന്നുവെന്ന് പൈലറ്റ് ബോഷ്‌ബെര്‍ഗ് പറഞ്ഞു.
ഈ യാത്രക്ക് മുമ്പ് സോളാര്‍ ഇംപള്‍സ് 35000 കിലോമീറ്റര്‍ താണ്ടി ലോകം ചുറ്റിയിരുന്നു. 2002 ലാണ് പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ സോളാര്‍ ഇംപള്‍സ് പ്രോജകറ്റ് തുടങ്ങിയത്. ഇത് വരെ 100 മില്ല്യനിലധികം ഇതിനായി ചെലവഴിച്ചിട്ടുണ്ട്. കാലാവസ്ഥ, ഭാര പരിമിതികളും കുറഞ്ഞ യാത്രാ വേഗവും കാരണം സൗരോര്‍ജ വിമാനയാത്ര ഇപ്പോള്‍ സാമ്പത്തികമായി പ്രായോഗികമല്ലെങ്കിലും ഈ പദ്ധതി ഇത്തരത്തിലുള്ള ഗവേഷണങ്ങള്‍ക്ക് പ്രചോദനമാകും.