ബേഗൂര്‍ പി എച്ച് സിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യം ശക്തം

Posted on: July 5, 2015 6:40 am | Last updated: July 4, 2015 at 10:41 pm

മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആസ്ഥാനമായ കാട്ടിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ബേഗൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പി.എച്ച്.സിയിലുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലംമാറി പോയി എട്ട് മാസം കഴിഞ്ഞെങ്കിലും പകരം ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പഞ്ചായത്തിലെ പ്രധാന ടൗണ്‍ എന്ന നിലയിലും, പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍, മൃഗാസ്പത്രി, ഹൈസ്‌ക്കൂള്‍ എന്നിവയുള്ള ടൗണ്‍ എന്ന നിലയിലും നിത്യേന നിരവധി ആളുകളാണ് ഇവിടെ ചികിത്സ തേടി എത്താറുള്ളത്. 125 മുതല്‍ 150 വരെയാണ് പ്രതിദിനം ഒ.പിയില്‍ ചികിത്സ തേടി എത്തുന്ന രോഗികളുടെ കണക്ക്. പഞ്ചായത്തിന് പുറമെ കര്‍ണാടകയിലെ ബാവലി, ബൈരക്കുപ്പ, കുട്ട എന്നിവിടങ്ങളില്‍ നിന്നും ചികിത്സ തേടി രോഗികള്‍ ബേഗൂര്‍ പി.എച്ച്.സിയിലാണ് എത്താറുള്ളത്. കാലവര്‍ഷം കൂടി ആരംഭിച്ചതോടെ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും സ്ഥിരമായി ഡോക്ടറില്ലാത്തത് ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയാണ്. മറ്റ് പി.എച്ച്.സികളിലെയും സി.എച്ച്.സികളിലെയും ഡോക്ടര്‍മാര്‍ വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ഇവിടെ എത്തി രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. പാര്‍ട്ട് ടൈം സ്വീപ്പറുടെയും അറ്റന്റര്‍മാരുടെയും തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. സ്ഥിരമായി ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.