രക്തസാക്ഷി സ്മരണയില്‍ കുഞ്ഞിപ്പയും കുഞ്ഞാലിയും ജവാന്‍ നാസറും

Posted on: July 4, 2015 1:37 pm | Last updated: July 4, 2015 at 1:37 pm

കാളികാവ്: മലയോര പ്രദേശമായ കാളികാവിന് മറക്കാനാവത്ത മൂന്ന് രക്ത സാക്ഷികളുടെ ഓര്‍മ്മകളാണ് ജൂലൈ.
മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ ഭാഷാ സമരത്തില്‍ വെടിയേറ്റ് മരിച്ച സി കെ കുഞ്ഞിപ്പയുടേയും കാര്‍ഗിലില്‍ ശത്രു രാജ്യത്തിന്റെ ആക്രമണത്തില്‍ മരിച്ച ജവാന്‍ അബ്ദുല്‍ നാസറിന്റേയും രാഷ്ട്രീയ ശത്രുക്കളുടെ വെടിയേറ്റ് മരിച്ച സഖാവ് കുഞ്ഞാലിയുടേയും രക്തസാക്ഷിത്വങ്ങളാണ് കാളികാവുകാര്‍ക്ക്് മറക്കാനാവത്ത വേദനയയായി നിറഞ്ഞ് നില്‍ക്കുന്നത്. 1980 ജൂലൈ 30 ല്‍ അറബി ഭാഷ സംരക്ഷണത്തിനായി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടയാണ് കാളികാവ് സ്വദേശി ചേന്ദംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പ പോലീസിന്റെ വെടിയേറ്റ് മരിക്കുന്നത്.
റമസാന്‍ 17 നായിരുന്നു ഈ സംഭവം നടന്നത്. ഭാഷാ സമരത്തില്‍ വെടിയേറ്റ് മരിച്ച മജീദ്, റഹ്മാന്‍ എന്നിവര്‍ക്കൊപ്പം കുഞ്ഞിപ്പയുടെ രക്തസാക്ഷിദിനം ഭാഷാസമര അനുസ്മരണമായി ജില്ലയിലെങ്ങും ശനിയാഴ്ച നടക്കുകയാണ്. കാളികാവിലും പ്രത്യേകം പരിപാടികളാണ് മുസ്‌ലിലീഗ് ഒരുക്കിയിട്ടുള്ളത്. കുഞ്ഞിപ്പയുടെ ഖബറിടം കാളികാവ് ജുമാമസ്ജിദിലാണ്. 1969 ജൂലൈ 28നാണ്് എം എല്‍ എയും ഏറനാട്ടിലെ കമ്മ്യൂനിസ്റ്റ് നേതാവുമായ സഖാവ് കുഞ്ഞാലിയെ ചുള്ളിയോട് വെച്ച്് രാഷ്ട്രീയ എതിരാളികള്‍ വെടിവെച്ച് കൊന്നത്.
വെടിയേറ്റ് പരുക്കേറ്റ കുഞ്ഞാലി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. കൊണ്ടോട്ടി സ്വദേശിയായിരുന്നു കുഞ്ഞാലിയെങ്കിലും കാളികാവായരുന്നു കുഞ്ഞാലിയുടെ പ്രവര്‍ത്തന മണ്ഡലം. കുഞ്ഞാലി അന്ത്യ വിശ്രമം കൊള്ളുന്നതും കാളികാവ് ജുമാമസജിദ് ഖബര്‍സ്ഥാനിലാണ്. 1999 ജൂലൈയില്‍ തന്നെയാണ് കാളികാവിലെ പൂതന്‍കോട്ടില്‍ മുഹമ്മദ്- ഫാത്തിമ സുഹ്‌റ ദമ്പതികളുടെ മകന്‍ അബ്ദുല്‍ നാസര്‍ കാശ്്മീരിലെ കാര്‍ഗിലില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്നത്്. 22 വയസുകാരനായിരുന്ന ജവാന്‍ നാസറിന്റെ വീര മൃത്യു ഇന്നും നാടിന്്് മറക്കാനാവാത്ത ഓര്‍മ്മയാണ്. നാസറിനെ അസുസ്മരിക്കാന്‍ ചെങ്കോട്ടിലെ ‘വിവ ‘ക്ലബ് അഞ്ചിന് ഞായറാഴ്ച പ്രത്യേക അനുസ്മരണവും നോമ്പ് തുറയും ഒരുക്കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ നാടിന് വേണ്ടി രക്തസാക്ഷികളായവരുടെ ഓര്‍മ്മ ഇന്നും കാളികാവിന് മരിക്കാത്ത ഓര്‍്മ്മയാണ്. ഭാഷാ സമര അനുസ്മരണ പരിപാടികളില്‍ ശനിയാഴ്ച കാളികാവില്‍ പാണക്കാട് സാദിഖലി ശിഹബ് തങ്ങള്‍ പങ്കെടുക്കും.
കുഞ്ഞാലി അനുസ്മരണം ജൂലൈ 25ന് ശേഷം നിലമ്പൂരിലെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും. 28 ന് സംസ്ഥാനത്തിന്റെ പലഭാഗത്തും സി പി എം പ്രവര്‍ത്തകര്‍ പ്രഭാതഭേരികള്‍ നടത്തും. വൈകുന്നേരം അനുസ്മരണ പരിപാടികളും നടക്കും.