പെരിന്തല്‍മണ്ണക്കാര്‍ക്ക് ശുദ്ധജലം കിട്ടാക്കനി

Posted on: July 4, 2015 10:54 am | Last updated: July 4, 2015 at 10:54 am
SHARE

പെരിന്തല്‍മണ്ണ: ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഉപഭോക്താക്കളുടെ വാട്ടര്‍ ടാങ്കുകള്‍ നിറഞ്ഞൊഴുകുന്ന കാലത്തും പെരിന്തല്‍മണ്ണയില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം കിട്ടാക്കനി.
ആവശ്യത്തിന് ജലസംഭരണികളില്‍ യഥേഷ്ടം വെള്ളം പമ്പിംഗ് നടത്താന്‍ പമ്പിംഗ് മോട്ടോറുകള്‍, ആവശ്യത്തിന് ജീവനക്കാര്‍ ഇതെല്ലാം ഉണ്ടായിട്ടും മതിയായ വോള്‍ട്ടേജ് ലഭിക്കുന്നില്ലെന്ന ഒരൊറ്റ കാരണത്താല്‍ പെരിന്തല്‍മണ്ണയിലും പരിസരപ്രദേശങ്ങളിലേക്കും മൂന്ന് ദിവസം ഇടവിട്ട് പമ്പിംഗ് നടത്തുന്ന ശുദ്ധജലവിതരണം താറുമാറായി. ഈ വോള്‍ട്ടേജില്ല എന്ന ഒരൊറ്റ കാരണം പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളോളമായി. ഒട്ടേറെ കുടുംബങ്ങള്‍ ഈ ശുദ്ധജലവിതരണ പദ്ധതിയെ ആശ്രയിച്ചുവരുന്നവരാണ്. മണലിക്കുഴിത്തോട്ടം, ലെമണ്‍വാല്യു, ജൂബിലി റോഡ്, ഐ എച്ച് ആര്‍ ഡി പരിസര പ്രദേശം, കിടങ്ങ് തുടങ്ങി വിവിധ ഭാഗങ്ങളില്‍ വെള്ളമെത്തി നോക്കി നിമിഷങ്ങള്‍ക്കകം നില്‍ക്കുകയും ചെയ്യും. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള വീടുകളില്‍ സ്ഥിതി പറയേണ്ടതുമില്ല.
ഫോണിലൂടെ വിവരമന്വേഷിച്ചാല്‍ വോള്‍ട്ടേജില്ല എന്ന ഒരു കാരണം പറഞ്ഞ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ തടി തപ്പുകയാണ്. യഥാര്‍ഥ കാരണമെന്തെന്ന് കണ്ടെത്തി അത് പരിഹരിച്ച് ശുദ്ധജലം എല്ലാവര്‍ക്കും എപ്പോഴും ലഭിക്കത്തക്ക സംവിധാനം ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയാണ്. സാധാരണ ഈ സീസണില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ഉപഭോക്താക്കള്‍ വെള്ളത്തിന്റെ ബാഹുല്യം കാരണം മീറ്റര്‍ അടച്ചിടാറ് പതിവാണ്. ഇന്ന് നേരെ മറിച്ചും.