കാശ്മീരികള്‍ക്ക് വേണ്ടത് സൈന്യത്തില്‍ നിന്നു രക്ഷ

Posted on: July 4, 2015 6:00 am | Last updated: July 4, 2015 at 12:50 am
SHARE

SIRAJ.......സായുധ സേനാ പ്രത്യേകാധികാര നിയമത്തിന്റെ (അഫ്‌സ്പ) മറവില്‍ ജമ്മുകാശ്മീരില്‍ സൈനികര്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. 1990 മുതല്‍ 2011 വരെയുള്ള 21 വര്‍ഷത്തിനിടയില്‍ കാശ്മീരില്‍ 43,550 പേര്‍ കൊല്ലപ്പെട്ടെന്നും ഇവരില്‍ ഗണ്യമായൊരു ഭാഗം തീവ്രവാദ വേട്ടയുടെ മറവില്‍ സൈന്യത്തിന്റെ തോക്കിനിരയായ നിരപരാധികളായ സാധാരണക്കാരാണെന്നുമാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നത്. 21,323 പേര്‍ തീവ്രവാദികളെന്ന പേരിലാണ് കൊല്ലപ്പെട്ടത്. 16868 സാധാരണക്കാരും വധിക്കപ്പെട്ടു. ഇവരില്‍ 13,226 പേര്‍ സായുധ സംഘങ്ങളുടെ ഇരകളാണെങ്കില്‍ 3,642 പേര്‍ സൈന്യത്തിന്റെ ഇരകളാണ്. സൈന്യത്തിന്റെ കസ്റ്റഡിയിലും നിരവധി പേര്‍ കൊല്ലപ്പെടുകയുണ്ടായി. തൊണ്ണുറുകളുടെ ആദ്യപകുതിയില്‍ മാത്രം 800ലധികം പേര്‍ കസ്റ്റഡിയില്‍ മരിച്ചതായി ജമ്മുകാശ്മീര്‍ സര്‍ക്കാറിന്റെ രേഖകളെ ആധാരമാക്കി ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുസുരക്ഷാ നിയമപ്രകാരം ഇവിടെ ആയിരക്കണക്കിനാളുകള്‍ വിചാരണ കൂടാതെ ജയിലില്‍ പീഡിതരായി കഴിയുന്നുമുണ്ട്. ഇവരുടെ എണ്ണം ദേശീയ ശരാശരിയുടെ പതിനാലിരട്ടി വരും. സംസ്ഥാനത്തു പേരിനൊരു സര്‍ക്കാറുണ്ടെങ്കിലും എല്ലാ നിയന്ത്രണവും സൈന്യത്തിന്റെയും പോലീസിന്റെയും കരങ്ങളിലാണ്. ഫലസ്തീനികളോട് ഇസ്‌റാഈല്‍ സൈന്യം നടത്തുന്നതിന് സമാനമാണ് കാശ്മീരികളോട് സുരക്ഷാ സൈന്യത്തിന്റേതെന്ന് നേരത്തെ ഒരു റിപ്പോര്‍ട്ടില്‍ ആംനസ്റ്റി വിലയിരിത്തിയിട്ടുണ്ട്.
ഭീകരവാദികളെ നേരിടാനായി കൊണ്ടുവന്ന അഫ്‌സ്പ സൈന്യത്തിന് വിപുലമായ അധികാരമാണ് നല്‍കുന്നത്. അഫ്‌സ്പ ചുമത്തപ്പെട്ട പ്രദേശങ്ങളില്‍ സൈന്യത്തിന് ആരേയും എപ്പോഴും അറസ്റ്റ് ചെയ്യാനും കേസ് എടുക്കാതെ തടവില്‍ വെക്കാനും അധികാരമുണ്ട്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടുകയോ നിയമം ലംഘിക്കുകയോ ആയുധങ്ങള്‍ കൈവശം വെക്കുകയോ ചെയ്താല്‍ സൈന്യത്തിന് വെടിവെക്കാനും അനുവാദം നല്‍കുന്നു. ഇതുപ്രകാരം വെടിയുതിര്‍ത്ത സൈനികര്‍ക്കെതിരെ ഒരു തരത്തിലുള്ള ക്രിമിനല്‍ നടപടിയും സ്വീകരിക്കാവതുമല്ല. അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും തീവ്രവാദികളില്‍ നിന്നും കാശ്മീരി ജനതക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട സൈനികര്‍ ഈ അമിതാധികാരങ്ങളുടെ മറവിലാണ് നിരപരാധികളായ കാശ്മീരികളെ അകാരണമായി കൊന്നൊടുക്കുന്നതും സ്ത്രീകളെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുന്നതും. നൂറുകണക്കിന് സ്ത്രീകളാണ് അവിടെ സൈനികരുടെ കാമഭ്രാന്തിനിരയായി മാനം നഷ്ടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്. പലപ്പോഴും തീവ്രവാദികളെ തിരയാനെന്ന വ്യാജേന എത്തുന്ന സൈനികര്‍ വീടുകളില്‍ നിന്ന് പുരുഷന്മാരെയെല്ലാം പുറത്താക്കി സ്ത്രീകളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് പിച്ചിച്ചീന്തുന്നത്. പരാതി ഉയര്‍ന്നാല്‍ എല്ലാം രാജ്യസുരക്ഷയുടെ കണക്കില്‍ പെടുത്തി അധികാരികള്‍ അതെഴുതിത്തള്ളുകയാണ് പതിവ്,
കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കം വിഴുങ്ങിയ കാശ്മീരില്‍ സൈന്യം ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് എത്തിയപ്പോഴും കാശ്മീരികളോട് മനുഷ്യത്വപരമല്ലാതെയും വിവേചനപരമായുമാണ് പെരുമാറിയതെന്ന് കേരളത്തില്‍ നിന്ന് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ മെഡിക്കല്‍ സംഘം വെളിപ്പെടുത്തിയതാണ്. പ്രളയത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ രക്ഷക്കായി കേണപേക്ഷിച്ചു കൊണ്ടിരിക്കുമ്പോള്‍, അവര്‍ക്ക് നേരെ മുഖം തിരിച്ചു സൈന്യം ചില പ്രത്യേകക്കാരെ തിരഞ്ഞു പിടിച്ചു രക്ഷിക്കുകയായിരുന്നു. ചില ഉദ്യോഗസ്ഥ മേധാവികളുടേയും പ്രധാന വ്യക്തികളുടേയും ലിസ്റ്റുമായാണ് സൈന്യം കാശ്മീരില്‍ എത്തിയത്. അവരെ കണ്ടെത്തി രക്ഷിച്ചു സൈന്യം തങ്ങളുടെ ദൗത്യം അവസാനിപ്പിക്കുകയും ചെയ്തു. ഈവിധം മനുഷ്യത്വം പോലും നഷ്ടപ്പെട്ടവരെ തീവ്രവാദ വേട്ടയുടെ പേരില്‍ അവിടെ ഇനിയും നിര്‍ത്തേണ്ടതുണ്ടോ എന്ന് ഭരണാധികാരികളില്‍ മനുഷ്യത്വം മരവിക്കാത്തവരുണ്ടങ്കില്‍ ചിന്തിക്കേണ്ടതാണ്.
കാശ്മീരില്‍ സമാധാനം സ്ഥാപിക്കാനാണ് സൈന്യത്തെ നിയോഗിച്ചത്. പതിറ്റാണ്ടുകള്‍ കടന്നു പോയിട്ടും അവിടെ സമാധാനം മരീചികയാണ്. തീവ്രവാദം പൂര്‍വോപരി ശക്തിപ്പെട്ടതല്ലാതെ അതിന്റെ തീവ്രത കുറക്കാന്‍ പോലും സൈനിക സാന്നിധ്യം കൊണ്ട് സാധിച്ചിട്ടില്ല. തീവ്രവാദികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങളേക്കാള്‍ വലിയ ക്രൂരതയും മനുഷ്യാവകാശ ലംഘനവും സൈന്യം അവിടെ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അത് സാധിക്കുകയുമില്ല. തീവ്രവാദികള്‍ വന്നാലും സൈനികര്‍ ഈ വഴിക്കൊന്നും വരാതിരിക്കട്ടെയെന്നാണ് കാശ്മീരിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രാര്‍ഥന. തീവ്രവാദികളില്‍ നിന്നുള്ള സുരക്ഷയേക്കാളുപരി സൈന്യത്തില്‍ നിന്നുള്ള സംരക്ഷണമാണ് അവര്‍ക്കാവശ്യം. ‘ജനങ്ങളെ ഒറ്റപ്പെടുത്താതെ അവരുടെ ഹൃദയവും മനസും കീഴടക്കുകയാണ് കാശ്മീര്‍ പ്രശ്‌നത്തില്‍ പ്രധാന’മെന്ന പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ വാക്കുകളാണ് ഇക്കാര്യത്തില്‍ ശ്രദ്ധേയം. അഫ്‌സ്പയും സൈന്യവും അവിടെ തുടരുന്ന കാലത്തോളം ഇത് പ്രയാസമാണ്.