മര്‍കസ് നോളജ് സിറ്റി പാര്‍പ്പിട പദ്ധതി; സ്റ്റേ ആവശ്യം ഹരിത ടൈബ്രൂണല്‍ തള്ളി

Posted on: July 3, 2015 6:08 pm | Last updated: July 4, 2015 at 1:45 am

markaz knowledge city
ചെന്നൈ: മര്‍കസ് നോളജ് സിറ്റി പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കണമെന്ന ഹരജി ചെന്നൈ ഹരിത ടൈബ്രൂണല്‍ തള്ളി. നോളജ് സിറ്റിയുമായി ബന്ധപ്പെട്ട പാര്‍പ്പിട പദ്ധതികളുടെ നിര്‍മാണം നടന്നുവരുന്ന സ്ഥലം പരിസ്ഥിതി ദുര്‍ബല പ്രദേശത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് ആരോപിച്ച് വടകര സ്വദേശി കെ സവാദ് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ചൊക്കലിംഗം അദ്ധ്യക്ഷനായ ബെഞ്ച് തള്ളിക്കളഞ്ഞത്. മര്‍കസ് നോളജ് സിറ്റിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നേരത്തേ ഇതേ കക്ഷി ഹരിത ടൈബ്രൂണലില്‍ ഹരജി നല്‍കിയിരുന്നു. ഇത് സംബന്ധമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും കാലിക്കറ്റ് ലാന്‍ഡ് മാര്‍ക്കിനുമെതിരായി പുറപ്പെടുവിച്ചിരുന്ന ഇടക്കാല ഉത്തരവ് ഈയിടെയാണ് ഹരിത ടൈബ്രൂണല്‍ നീക്കംചെയ്തത്. വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടി പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണത്തിനെതിരെ വ്യാജപരാതികള്‍ നല്‍കുന്നതിനെതിരെ ടൈബ്രൂണല്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്.
നോളജ് സിറ്റി നിര്‍മാണം നടക്കുന്ന പ്രദേശം വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കിമാറ്റി പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഹരജിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നത്. നോളജ് സിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരിയുള്ള സ്റ്റേ നീങ്ങിയതോടെ നിരാശനായ ഹരജിക്കാരന്‍ നേരത്തെ ഉന്നയിച്ച അതേ ആരോപണങ്ങളുമായാണ് പാര്‍പ്പിടപദ്ധതിക്കെതിരെയും രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തില്‍ ടൈബ്രൂണലില്‍ നിന്നും ഇടക്കാല സ്റ്റേ നേടിയെടുക്കാനുള്ള ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്.
അലിഗഡ് മുന്നേറ്റത്തിന് ശേഷം ഇന്ത്യന്‍ മുസ്‌ലിംകളുടെ മുന്‍കൈയില്‍ നടക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ സംരംഭമായ നോളജ് സിറ്റിക്കെതിരെ വ്യാജപരാതിയുമായി കോടതിയെ സമീപിച്ചത് മുസ്‌ലിം സമുദായത്തിനകത്തും പുറത്തും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സുന്നി പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശത്രുതയോടെ കാണുന്ന ഒരു മതസംഘടനക്കു വേണ്ടിയാണ് വടകരക്കാരനായ ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത് എന്നത് നേരത്തെ വാര്‍ത്തയായിരുന്നു. ദഅ്‌വാ പ്രവര്‍ത്തനത്തിന്റെ പേരില്‍ മദ്‌റസകളില്‍ നിന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ ഇത്തരത്തില്‍ സമുദായപുരോഗതിക്കെതിരെ ചെലവഴിക്കുന്നതില്‍ സമുദായത്തില്‍ കടുത്ത രോഷമുയര്‍ന്നിരുന്നു. ഇത്തരത്തില്‍ സമുദായത്തിനകത്തു നിന്നും വ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തെതുടര്‍ന്ന് താല്‍ക്കാലികമായി പിന്‍വാങ്ങിയിരുന്ന പ്രസ്തുത മതസംഘടന വീണ്ടും ലക്ഷങ്ങള്‍ ചെലവഴിച്ച് നോളജ് സിറ്റിക്കെതിരെ വ്യവഹാരത്തിനറിങ്ങിയിരിക്കുകയാണ്. ഇതിനെ കക്ഷി-രാഷ്ട്രീയ ഭേദമന്യേ സമുദായം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ പേരില്‍ നോളജ് സിറ്റിക്കെതിരെ കേസ് നല്‍കിയ ഹരജിക്കാരന്‍ ഇക്കാലയളവില്‍ മറ്റേതെങ്കിലും പാരിസ്ഥിതിക പ്രവര്‍ത്തനത്തിലോ മുന്നേറ്റത്തിലോ പങ്കെടുത്തതായി നാട്ടുകാര്‍ക്കുമറിയില്ല. ഹരജിക്കാരന്‍ ജനറല്‍ സെക്രട്ടറിയായി ഹരിത ടൈബ്രൂണലില്‍ പരിചയപ്പെടുത്തിയിരുന്ന പരിസ്ഥിതി സംഘടന ഇതിനു മുമ്പ് അറിയപ്പെട്ടതല്ല. ഹരജിക്കാരന്റെ ഭാര്യാപിതാവും തിരുകേശത്തിനെതിരെ നല്‍കിയ കേസിന്റെ സുത്രധാരനുമായ പയ്യോളി സ്വദേശി നൂറുദ്ദീന്‍ മുസ്‌ലിയാരാണത്രെ ഈ സംഘടനയുടെ ചെയര്‍മാന്‍. ഹരജിക്കാരന്റെ ഭാര്യ ഉള്‍പ്പെടെയുള്ളവരാണ് അംഗങ്ങള്‍ എന്നും പറയപ്പെടുന്നു. അസഹിഷ്ണുത നിറഞ്ഞ ഒരു മതസംഘടനയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഇത്തരം വ്യാജബിംബങ്ങളെ അവജ്ഞതയോടെ ചവറ്റുകൊട്ടയില്‍ തള്ളിക്കയണമെന്നാണ് സമുദായത്തിന്റെ പൊതു അഭിപ്രായം.