പരുക്ക്; സുശീല്‍ കുമാര്‍ ലോകചാമ്പ്യന്‍ഷിപ്പിനില്ല

Posted on: July 3, 2015 5:29 am | Last updated: July 3, 2015 at 12:30 am

sushil-kumar-ind-wrestling-300ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തിയിലെ സൂപ്പര്‍ താരം സുശീല്‍ കുമാര്‍ സെപ്തംബറിലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. തോളിനേറ്റ പരുക്കിനെ തുടര്‍ന്നാണിത്. ആറ്, ഏഴ് തീയതികളില്‍ ലോകചാമ്പ്യന്‍ഷിപ്പിനുള്ള സെലക്ഷന്‍ ട്രയല്‍സ് നടക്കാനിരിക്കെയാണ് സുശീല്‍കുമാറിന്റെ പിന്‍മാറ്റം. ലാസ് വെഗാസില്‍ സെപ്തംബര്‍ ഏഴ് മുതല്‍ പന്ത്രണ്ട് വരെയാണ് ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പ്. 2016 റിയോ ഒളിമ്പിക്‌സിനുള്ള ആദ്യ യോഗ്യതാ റൗണ്ട് കൂടിയാണ് ഈ ചാമ്പ്യന്‍ഷിപ്പ്.
സുശീല്‍ പിന്‍മാറിയതോടെ യുവതാരം നര്‍സിംഗ് പഞ്ചം യാദവിന് ട്രയല്‍സില്‍ വെല്ലുവിളിയില്ലാതായി.ലോകചാമ്പ്യന്‍ഷിപ്പിന് ശേഷം ആറ് ഒളിമ്പിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പുകള്‍ കൂടിയുണ്ട്. അതെല്ലാം അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ആരംഭിക്കുന്നത്. റിയോ ഒളിമ്പിക്‌സിന് തൊട്ടുമുന്നോടിയായി യോഗ്യത നേടാമെന്ന ശുഭപ്രതീക്ഷയിലാണ് സുശീല്‍കുമാര്‍.
സുശീല്‍ കുമാറിനെ ഏറ്റവുമധികം നിരാശനാക്കുന്നത് റിയോയിലേക്കുള്ള ആദ്യ യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലാണ്. വലത് തോളിനാണ് പരുക്ക്. പരിശീലനത്തിനിടെയാണ് സംഭവിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്‌ധോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറുന്നത്. അറിയല്ല, എത്ര കാലം വേണ്ടി വരും പരുക്ക് ഭേദമാകാനെന്ന്. ഇപ്പോള്‍ നല്ല പരിചരണത്തിലാണ് – സുശീല്‍ കുമാര്‍ പറഞ്ഞു.
പരുക്ക് കൂടുതല്‍ വഷളാകാതിരിക്കാനാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.അടുത്ത വര്‍ഷം ഏറ്റവും മികച്ച ഫോമിലേക്കുയരാന്‍ ഇടക്കാല വിശ്രമം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് താരം. ഒളിമ്പിക്‌സില്‍ രണ്ട് തവണ വ്യക്തിഗത മെഡലുകള്‍ നേടിയ ഏക ഇന്ത്യക്കാരനാണ് സുശീല്‍.
2008 ബീജിംഗ് ഒളിമ്പിക്‌സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിയുമായിരുന്നു സുശീലിന്റെ നേട്ടം. 66 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഒളിമ്പിക് നേട്ടം.
എന്നാല്‍, ലോക ഗുസ്തി ഫെഡറേഷന്‍ വെയിറ്റ് കാറ്റഗറിയില്‍ മാറ്റം വരുത്തിയതോടെ സുശീല്‍ കുമാര്‍ ഒളിമ്പിക്‌സിന് 74 കിലോഗ്രാം വിഭാഗത്തിലേക്ക് മാറി. ഇത് സുശീലിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. അതിനിടെയാണ് പരുക്കിന്റെ അലട്ടല്‍.