കരിപ്പൂര്‍ അക്രമം: നാല് ജവാന്മാര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

Posted on: July 3, 2015 5:23 am | Last updated: July 3, 2015 at 12:24 am

മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് ജവാന്‍ ശരത് സിംഗ് യാദവ് വെടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊതു മുതല്‍ നശിപ്പിച്ച കേസില്‍ പ്രതികളായ നാല് സി ഐ എസ് എഫ് ജവാന്മാര്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ബീഹാര്‍ സ്വദേശി വിനയകുമാര്‍ ഗുപ്ത (25), മഹാരാഷ്ട്ര സ്വദേശി രാമോഗി ദീപക് യശ്വന്ത് (26), ഉത്തര്‍പ്രദേശ് സ്വദേശി ലോകേന്ദ്ര സിംഗ് (26), രാജസ്ഥാന്‍ സ്വദേശി രാകേഷ് കുമാര്‍ മീണ (26) എന്നിവര്‍ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് ജയകുമാര്‍ ജോണ്‍ സോപാധിക ജാമ്യം അനുവദിച്ചത്.
5.35 ലക്ഷം രൂപ വീതം അഞ്ച് ദിവസത്തിനകം കോടതിയില്‍ കെട്ടിവെക്കണം. അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയുടെ മുമ്പാകെ ആഴ്ചയില്‍ രണ്ട് ദിവസം ഹാജരാകണം. ജാമ്യം നില്‍ക്കുന്ന രണ്ട് പേരില്‍ ഒരാള്‍ പ്രതിയുടെ ബന്ധുവും അപരന്‍ കേരളീയനുമായിരിക്കണം. പ്രതികളുടെ നാട്ടിലെയും താമസ സ്ഥലത്തെയും പൂര്‍ണ വിലാസം പാസ്‌പോര്‍ട്ട് സഹിതം കോടതിയില്‍ ഹാജരാക്കണം തുടങ്ങിയവയാണ് ഉപാധികള്‍. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദവും പോലീസ് ഹരജിയും തള്ളിയ കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ടതില്ലെന്ന് കണ്ടെത്തുകയായിരുന്നു.
സംഘം ചേര്‍ന്ന് അതിക്രമിച്ചു കയറല്‍, ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, മര്‍ദനം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിട്ടുള്ളത്. എയര്‍പോര്‍ട്ട് റണ്‍വേയിലും ടെക്‌നിക്കല്‍ ബ്ലോക്കിലും അതിക്രമിച്ചു കയറി എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരെ മര്‍ദിച്ചതിന് സി സി ടി വി ദൃശ്യം പരിശോധിച്ചാണ് പോലീസ് കേസെടുത്തത്.